മതാചാരപ്രകാരം അമ്മയുടെ സംസ്‌കാരം; ചിതയെരിയുന്നത് ആംബുലൻസിലിരുന്ന് കണ്ട് ശ്രുതി; കുറിപ്പുമായി ടി സിദ്ദിഖ്
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ ശ്രുതിയുടെ അമ്മയുടെ മൃതശരീരം കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ഹൈന്ദവ ആചാരപ്രകാരം സംസ്കരിച്ചു. ശ്രുതിയുടെ ആവശ്യപ്രകാരം ആയിരുന്നു സംസ്കാര ചടങ്ങ് നടത്തിയത്. വയനാട് എംഎൽഎ ടി സിദ്ദിഖാണ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. “സാറേ… എനിക്കെന്റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകൾ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞുവെന്നും ടി സിദ്ദിഖ് കുറിച്ചു.
ഇന്നലെയാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നും ശ്രുതിയുടെ അമ്മയുടെ മൃതദേഹം എടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊതുശ്മശാനത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ അടക്കം ചെയ്തത്. കണ്ണീർ വറ്റിപ്പോയിരിക്കണം. ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്റെ അച്ഛൻ വല്ലാത്ത നോവായിരുന്നുവെന്നും സിദ്ദിഖ് കുറിച്ചു.
ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്
“സാറേ… എനിക്കെന്റെ അമ്മയെ കുഴിമാടത്തിൽ നിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണം…” എല്ലാവരും തനിച്ചാക്കിപ്പോയ ശ്രുതിയുടെ ആ വാക്കുകൾ എന്നെ ഒന്നാകെ ഉലച്ച് കളഞ്ഞു…
പിന്നീട് ആംബുലൻസിൽ ശ്രുതിയെയും കൊണ്ട് ഒരു യാത്രയായിരുന്നു… പുത്തുമലയിലെ പൊതു കുഴിമാടത്തിൽ നിന്ന് ശ്രുതിയുടെ അമ്മയെ വൈറ്റ് ഗാർഡിന്റെ സഹായത്തോടെ
എടുത്ത് മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്മശാനത്തിൽ ഐവർ മഠത്തിന്റെ സഹായത്തോടെ ദഹിപ്പിക്കുമ്പോൾ ശ്രുതി കരഞ്ഞില്ല… കണ്ണീർ വറ്റിപ്പോയിരിക്കണം…
ശ്രുതിയുടെ അമ്മയെ കുഴിമാടത്തിൽ നിന്ന് എടുക്കവെ അരികത്ത് തലയിൽ കൈ കൊടുത്ത് ഇരുന്ന ജിൻസന്റെ അച്ഛൻ വല്ലാത്ത നോവായിരുന്നു… വിഷ്വൽ ലാംഗ്വേജിൽ എല്ലാം നിങ്ങൾക്ക് കാണാം…
മുസ്ലിം പള്ളിയിലെ ഖബറിൽ നിന്ന് ചർച്ചിലേക്കും, ഹൈന്ദവ ശ്മശാനത്തിലേക്കും, പുത്തുമലയിലെ പൊതു ശ്മശാനത്തിൽ നിന്നും അത് പോലെ തിരിച്ചും ഡിഎൻഎ വഴി തിരിച്ചറിഞ്ഞ ബോഡികൾ എടുത്ത് മാറ്റുകയാണ് ദിവസവും ഞങ്ങൾ…
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ജോസഫ്, രാജു എജമാടി, സുരേഷ് ബാബു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബിജെപി നേതാവ് മുരളി എന്നിവരോട് നന്ദി… സ്നേഹം…
വൈറ്റ് ഗാർഡാണ് ഓരോ ബോഡിയും എടുക്കുന്നത്, അവരെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ല… അവർക്ക് കുടിവെള്ളം പോലും ഞങ്ങൾക്ക് കൊടുക്കേണ്ടി വരാറില്ല… അവർ ഞങ്ങൾക്ക് തരും… ഈ സേവനം ഒരു മലയാളിയും ഒരു കാലത്തും മറക്കില്ല… യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറിയും വൈറ്റ് ഗാർഡ് അംഗവുമായ ഷിഹാബിനും ടീമിനും നന്ദി… സ്നേഹം… അമ്മയെ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കാൻ നേതൃത്വം നൽകിയ സേവാഭാരതിക്കും നന്ദി…