‘ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് വിശ്വസിക്കുന്നില്ല’; വിശദീകരണവുമായി EY ഇന്ത്യ ചെയർമാൻ
അന്ന സെബാസ്റ്റ്യൻ പേരയിലിൻ്റെ ശവസംസ്‌കാര ചടങ്ങിൽ കമ്പനിയിൽ നിന്ന് ആരും പങ്കെടുക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് ഏണസ്റ്റ് ആൻഡ് യംഗ് ഇന്ത്യ ചെയർപേഴ്‌സൺ രാജീവ് മേമാനി. അന്നയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്നും ഏണസ്റ്റ് & യംഗ് ഇന്ത്യയ്ക്കും ജീവനക്കാർക്കും നികത്താനാവാത്ത നഷ്ടമാണിതെന്നും അദ്ദേഹം ലിങ്ക്ഡ്ഇന്നിൽ കുറിച്ചു
“ഞങ്ങൾക്ക് ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. ജീവനക്കാരുടെ ക്ഷേമത്തിനും ആരോഗ്യപരമായ തൊഴിൽ സാഹചര്യത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. നാല് മാസമേ അന്ന ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടുള്ളൂ. ജോലി സമ്മർദ്ദമാണ് അന്നയുടെ ജീവനെടുത്തതെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ,” രാജീവ് മേമാനി പറഞ്ഞു.
2024 മാർച്ച് 18-ന് പൂനെയിലെ EY ഗ്ലോബലിൻ്റെ അംഗ സ്ഥാപനമായ S R ബാറ്റ്‌ലിബോയിയിലെ ഓഡിറ്റ് ടീമിൻ്റെ ഭാഗമായിരുന്നു അന്ന, 2024 മാർച്ച് 18-ന് സ്ഥാപനത്തിൽ ചേർന്നു. നമുക്കെല്ലാവർക്കും നികത്താനാവാത്ത നഷ്ടമാണ് ഇത്, കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ കഴിയില്ലെങ്കിലും, ഇത്തരം ദുരിതസമയങ്ങളിൽ ഞങ്ങൾ എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായവും ഞങ്ങൾ നൽകിയിട്ടുണ്ട്, ഇനിയും അത് തുടരും,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, മകളുടെ സംസ്ക്കാര ചടങ്ങിൽ കമ്പനിയിലെ ആരും തന്നെ പങ്കെടുക്കാൻ എത്തിയിരുന്നില്ലെന്ന് അന്നയുടെ അമ്മ അനിത ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് കമ്പനി മേധാവിയുടെ പ്രതികരണം. ഇന്നലെ EY കമ്പനി അധികൃതർ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. അന്നയുടെ മരണത്തിൽ അന്വേഷണം നടത്താമെന്ന് കമ്പനി അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്. പൂനെയിലെ സീനിയർ മാനേജർ അടക്കമുള്ള സംഘമാണ് കൊച്ചിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടത്.
മേമാനിയുടെ ലിങ്ക്ഡ്ഇനിലെ പോസ്റ്റിൽ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ചാറ്റേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കൂടുതൽ പേർ രംഗത്തെത്തി. എക്സിലൂടെ ഇ വൈക്ക് എതിരെ ആരോപണം ഉന്നയിച്ച് കമ്പനിയിലെ മുൻ സഹപ്രവർത്തകരാണ് മുന്നോട്ട് വന്നിരിക്കുന്നത്. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തിൽ നിന്ന് പുറത്താക്കൽ, അവധി അനുവദിക്കാതെയുള്ള ജോലി സമ്മർദം തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്.
കഴിഞ്ഞ നാല് വർഷമായി കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇൻ്റേണൽ ജോബ് പോസ്റ്റിംഗുകൾ സംബന്ധിച്ച് തനിക്ക് ഒരു മാസത്തെ സമയം സ്ഥാപനം അനുവദിച്ചിരുന്നുവെന്നും എന്നാൽ സ്ഥാപനത്തിലെ എച്ച് ആർ ടീം കാര്യമായ മുന്നറിയിപ്പുകളില്ലാതെ തന്നെ പുറത്താക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
രാത്രി 9 മണിക്ക് ശേഷം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വാഹന സൗകര്യമില്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് സമയം ലഭിക്കുന്നില്ല, ഫോൺ കോളുകൾ പാടില്ല, 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുക, അന്നയെ പോലെ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരാണ് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ ആരോപണങ്ങളുമായി മുൻ ജീവനക്കാരാണ് എക്സിലൂടെ രംഗത്തെത്തുന്നത്. അന്നയുടെ മരണത്തിലുള്ള കേന്ദ്ര അന്വേഷണത്തിൽ പുതിയ ആരോപണങ്ങളും പരാതികളും പരിഗണിച്ചേക്കുമെന്നാണ് സൂചന.
ഇ വൈ ഗ്ലോബലിന് കീഴിലുള്ള എസ് ആർ ബട്ട്‌ലിബോയുടെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു ജോലി ഭാരം മൂലം കുഴഞ്ഞുവീണ് മരിച്ച അന്ന. അമ്മ അനിത സെബാസ്റ്റ്യൻ മകൾ നേരിട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആൻഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയർമാൻ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേൽപ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് അന്നയുടെ പിതാവ് പ്രതികരിച്ചു.