NationalTop News

2021 ലെ നാഗാലാൻഡ് വെടിവെപ്പ്; 30 സൈനികർക്കെതിരെ നടപടി അവസാനിപ്പിച്ച് സുപ്രീംകോടതി

Spread the love

നാഗാലാൻഡിൽ തീവ്രവാദികളെന്ന് കരുതി ഗ്രാമീണരെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ 30 സൈനികര്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി. 2021 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജസ്റ്റിസുമാരായ വിക്രംനാഥ്, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ, നാഗാലാന്‍ഡ് സര്‍ക്കാര്‍ സൈനികര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരുന്നു.

കിഴക്കന്‍ നാഗാലാന്‍ഡിലെ ഒട്ടിങ് ഗ്രാമത്തില്‍ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍, തീവ്രവാദികള്‍ സഞ്ചരിക്കുന്ന വാഹനമെന്ന് കരുതി ഒരു പിക്കപ് ട്രക്കിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഗ്രാമത്തിലുണ്ടായ സംഘര്‍ഷം തടയാനായി സൈന്യം ആളുകൾക്ക് നേരെ വെടിവെപ്പ് നടത്തിയിരുന്നു അതിൽ ഏഴ് പേർകൂടി കൊല്ലപ്പെടുകയാണുണ്ടായത്.

സൈന്യം ആദ്യം അവകാശപ്പെട്ടത് കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്നായിരുന്നു. പിന്നീട്, പ്രതിഷേധം കനത്തപ്പോള്‍ സൈന്യം തിരുത്തുകയാണുണ്ടായത്. ഗ്രാമീണരുടെ പ്രതിഷേധം കനത്തതോടെ 2022 ജൂണില്‍ നാഗാലാന്‍ഡ് പൊലീസ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.പ്രതിചേര്‍ക്കപ്പെട്ട സൈനികരില്‍ 21 പേര്‍ സംഘര്‍ഷ മേഖലയില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ ലംഘിച്ചതായി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.