NationalTop News

ജമ്മു കാശ്മീർ വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്

Spread the love

ജമ്മു കാശ്മീരിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. രാവിലെ 11 മണിവരെ 26.72% വരെയാണ് പോളിംഗ് നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പത്തുവർഷങ്ങൾക്കുശേഷമാണ് ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്.

ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 24 സീറ്റുകളിൽ എട്ടെണ്ണം ജമ്മു മേഖലയിലെ മൂന്ന് ജില്ലകളിലും 16 എണ്ണം കശ്മീർ താഴ്‌വരയിലെ നാല് ജില്ലകളിലുമാണ്. തീവ്രവാദ ബാധിത പ്രദേശമായ ദോഡയിലും ചിനാബ് താഴ്‌വരയിലെ കിഷ്ത്വറിലും ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അനുച്ഛേദം 370 റദ്ദാക്കിയ ശേഷം ഉള്ള, ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ്‌ വോട്ടെടുപ്പ്. രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 25 നും മൂന്നാം ഘട്ടം ഒക്ടോബർ 1 നും വോട്ടെണ്ണൽ ഒക്ടോബർ 8 നും നടക്കും.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 3,276 പോളിങ് സ്റ്റേഷനുകളിലും സായുധരായ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി, CPIMകേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ,നാഷണൽ കോൺഫറൻസിൻ്റെ സക്കീന ഇറ്റൂ, പിഡിപിയുടെ സർതാജ് മദ്‌നി, അബ്ദുൾ റഹ്മാൻ വീരി തുടങ്ങിയവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ജമ്മുകശ്മീരിലെ ജനങ്ങൾ സമ്മതിദാനാവകാശം ശക്തമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയവർ ആഹ്വനം ചെയ്തു.