NationalTop News

‘ പൊളിക്കലുകള്‍ നിര്‍ത്തി വച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ല’, ബുള്‍ഡോസര്‍ രാജിന് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ

Spread the love

കുറ്റവാളികളുടേത് ഉള്‍പ്പടെയുള്ള വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കാതെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താല്‍ക്കാലിക സ്റ്റേ. കോടതികളുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഈ ഉത്തരവിന്റെ ഭാഗമായി പൊതുറോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ബുള്‍ഡോസര്‍ മുന്നറിയിപ്പില്ലാതെ ഉപയോഗിക്കുന്നതിന് എതിരായ ഹര്‍ജികള്‍ ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. അന്നുവരെയാണ് താല്‍ക്കാലിക വിലക്ക്.

നിയമപരമായി അധികാരമുള്ളവരുടെ കൈകള്‍ ഇത്തരത്തില്‍ കെട്ടിയിടാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ തുഷാര്‍ മേത്ത കോടതി ഉത്തരവിനെതിരെ എതിര്‍പ്പ് ഉന്നയിച്ചു. എന്നാല്‍, രണ്ടാഴ്ചത്തേക്ക് ഇത്തരം പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.