മൃതദേഹം മറവ് ചെയ്യാൻ പണം ചെലവായിട്ടില്ല, സ്വര്‍ണം പൂശിയ ഭക്ഷണ സാധനങ്ങളാണോ വിളമ്പിയത്’: പി എം എ സലാം
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ പ്രവർത്തനത്തിൽ മൃതദേഹം മറവ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന് പിഎംഎ സലാം. സർക്കാരിൻ്റെ കണക്ക് കൃത്യമാണെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാർത്തയോടുള്ള റവന്യൂ വകുപ്പിൻ്റെ വിശദീകരണം സർക്കാരിനെ കൂടുതൽ പരിഹാസ്യരാക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും സൗജന്യമായി സഹായിച്ചവരുടെയും പേരിൽ പണം എഴുതിയെടുക്കുകയാണ് സർക്കാർ.ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ള നടത്തുകയാണെന്നും സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സലാം പറഞ്ഞു.
ക്യാമ്പിലുളളവരുടെ വസ്ത്രങ്ങള്‍ക്ക് 11 കോടി രൂപ. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയുടെ വസ്ത്രം നല്‍കിയാലും ഈ കണക്ക് ശരിയാവില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. ക്യാമ്പുകളില്‍ ഭക്ഷണത്തിന് 8 കോടി രൂപയാണെന്നും സ്വര്‍ണംപൂശിയ ഭക്ഷണ സാധനങ്ങളാണോ സര്‍ക്കാര്‍ അവിടെ വിളമ്പിയതെന്നും അദ്ദേഹം പരിഹസിച്ചു
അത്യന്തം വൈകാരികമായി അല്ലാതെ പ്രതികരിക്കാനാവില്ല. സ്വരുക്കൂട്ടിയ നാണയത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കായി നിറമനസ്സോടെ നല്‍കിയ കുരുന്നു മനസ്സുകളുടെ ആര്‍ദ്രതയെ പോലും പുഛിക്കുന്ന കൊടുംക്രൂരതയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും സലാം പറഞ്ഞു.
പണം തട്ടാനുള്ള വൃത്തികെട്ട ഏർപ്പാടുകളുമായി മുന്നോട്ടു പോയാൽ സർക്കാറുമായി സഹകരിക്കാൻ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ നിയമപരമായും രാഷ്ട്രീയമായും ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.