Sunday, November 24, 2024
Latest:
NationalTop News

ഷിരൂർ തെരച്ചിൽ; ഡ്രഡ്ജർ നാളെ വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും, നിർണായക യോ​ഗം ചൊവ്വാഴ്ച്ച

Spread the love

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും തുടരും. ഡ്രഡ്ജർ ചൊവ്വാഴ്ച കാർവാർ തുറമുഖത്ത് എത്തിക്കാൻ തീരുമാനമായി. നാളെ വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാർവാറിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിൽ അന്ന് തീരുമാനമുണ്ടാകും. ചൊവ്വാഴ്ച തന്നെ ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. കാർവാർ തുറമുഖത്ത് നിന്ന് ഷിരൂർ എത്താൻ ഏതാണ്ട് 10 മണിക്കൂർ സമയം എടുക്കും. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കം ഉള്ള ഡ്രഡ്ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. ബുധനാഴ്ച തെരച്ചിൽ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത ആഴ്ച നിലവിൽ ഉത്തരകന്നഡ ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.