വിവാഹ-ഓണ സീസണില്‍ പൊന്നിന് ‘പൊള്ളും വില’; സ്വര്‍ണവില 3 മാസത്തെ ഉയര്‍ന്ന നിരക്കില്‍
കഴിഞ്ഞ മേയ് 20നാണ് സ്വര്‍ണവില റെക്കോഡ് കടന്നത്. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുറയാന്‍ തുടങ്ങി. ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായതോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ തുടങ്ങി. തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്.
ചിങ്ങമാസത്തെ കല്യാണത്തിരക്കുകളും ഉത്രാട- തിരുവോണ ആഘോഷങ്ങളും തകൃതിയായി നടക്കുന്നതിനിടെ സംസ്ഥാനത്ത് പൊന്നിന് വില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6865 എന്ന നിരക്കിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഇതോടെ സ്വര്‍ണവില മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
ഔണ്‍സിന് 2,580 ഡോളര്‍ കടന്ന് മുന്നേറുകയാണ് വില. വിവാഹ-ഉത്സവ സീസണില്‍ വില കൂടുന്നത് ഉപഭോക്താക്കളെ വലയ്ക്കും. പവന്‍ വിലയ്‌ക്കൊപ്പം പണിക്കൂലിയും ജി എസ് ടിയും ചേരുന്‌പോള്‍ 60,000 രൂപയോളം കൊടുത്തെങ്കിലേ ഒരു പവന്‍ കിട്ടൂ എന്ന അവസ്ഥയാണ്. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും വിലതക്കയറ്റവുമൊക്കെ ആശങ്കയാകുമ്പോള്‍ സ്വര്‍ണത്തിന് കരുത്തേറുകയാണ്.