NationalTop News

70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, പദ്ധതി നിങ്ങളുടെ കുടുംബത്തിന് എങ്ങനെ പ്രയോജനപ്പെടും

Spread the love

70 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് കൂടി സൗജന്യ ഇന്‍ഷുറന്‍സ് ലഭ്യമാകും. പദ്ധതിക്കു കീഴില്‍ 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാകും ഉപയോക്താക്കള്‍ക്കു ലഭിക്കുക. സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയിലേക്ക് നല്‍കുന്ന ഫണ്ട് കുറഞ്ഞതോടെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് പുതിയ വിപുലീകരണം. നിരവധി ചോദ്യങ്ങളും ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

70 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും പദ്ധതി ആനുകൂല്യം ലഭിക്കുമോ?

AB PMJAY കവറേജുള്ള കുടുംബത്തിലെ 70 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്അപ്പ് പരിരക്ഷ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (CGHS), എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (CAPF ) തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ഗുണഭോക്താക്കള്‍ക്ക് ഒന്നുകില്‍ അവരുടെ നിലവിലുള്ള സ്‌കീം തുടരാം അല്ലെങ്കില്‍ AB PMJAY തെരഞ്ഞെടുക്കാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

ഒരു കുടുംബത്തിലെ എല്ലാ മുതിര്‍ന്ന പൗരന്മാരെയും സ്‌കീം ഉള്‍ക്കൊള്ളുമോ?

ഒരു കുടുംബത്തില്‍ രണ്ട് മുതിര്‍ന്ന പൗരന്മാര്‍ (70 വയസ്സിന് മുകളിലുള്ളവര്‍) ഉണ്ടെങ്കില്‍, 5 ലക്ഷം രൂപയുടെ കവറേജ് അവര്‍ക്കിടയില്‍ പങ്കിടുകയാണ് ചെയ്യുകയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു.

Read Also: #pomonemodi സൊമാലിയയിലുമെത്തി,മോദിക്ക് മറുപടിയും കിട്ടി!!

എത്രപേര്‍ക്ക് നേട്ടം?

ആയുഷ്മാന്‍ ഭാരതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത് രാജ്യത്തെ 4.5 കോടി കുടുംബങ്ങള്‍ക്ക് നേട്ടമാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. പദ്ധതിക്കു കീഴില്‍ 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാകും ഉപയോക്താക്കള്‍ക്കു ലഭിക്കുക. ഏകദേശം 6 കോടി ഉപയോക്താക്കള്‍ക്ക് പദ്ധതിയുടെ നേട്ടം കിട്ടും.

സ്വകാര്യ ആശുപത്രികളുടെ കാര്യത്തിലെ ആശങ്ക

സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയിലേക്ക് നല്‍കുന്ന ഫണ്ട് കുറഞ്ഞതോടെ സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിറകോട്ട് പോകുന്നത് രോഗികളെ സാരമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റീയിമ്പേഴ്‌സമെന്റ് ലഭിക്കുന്നതിലെ കാലതാമസം കാരണമായി സൂചിപ്പിച്ച് ചില സ്വകാര്യ ആശുപത്രികള്‍ AB PM-JAY പദ്ധതി ഗുണഭോക്താക്കളെ ഒഴിവാക്കിയിരുന്നു. മേയ് മാസത്തിലെ കണക്കുകള്‍ പ്രകാരം പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന 30,178 ആശുപത്രികളാണ് പദ്ധതിയില്‍ ഭാഗമായിട്ടുള്ളത്.