NationalTop News

ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് പണം കൈപറ്റി’; മാധബി പുരി ബുച്ചിനെതിരെ വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്

Spread the love

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെ വീണ്ടും ആരോപണവുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെ ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് പണം കൈപറ്റിയെന്നാണ് ആരോപണം. മാധബിയുടെ ഉടമസ്ഥതയിലുള്ള കണ്‍സണ്‍ട്ടന്‍സി സ്ഥാപനത്തിനുള്ള ഫീസ് ഇനത്തിലാണ് തുക കൈപറ്റിയത്.

ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ചയാണ് പുതിയത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഉപയോഗിച്ച് മാധബി ബുച്ച് ലാഭമുണ്ടാക്കിയെന്നാണ് വ്യക്തമാക്കിയത്. ഈ സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരി മാധബിയുടെ പേരിലാണ്. ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് ഫീസ് ഇനത്തില്‍ കോടികളാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലേക്ക് എത്തിയത്. ഇതേ കമ്പനികളെ വിപണിയില്‍ നിയന്ത്രിക്കുന്ന സെബിയുടെ അംഗമായിരിക്കെയാണ് മാധബി കോടികള്‍ ഉണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, പെഡിലൈറ്റ് അടക്കം ഇടപാടുകാരുടെ പേരും ഹിന്‍ഡന്‍ബര്‍ഗ് ഇന്ന് പുറത്ത് വിട്ടു. തന്റെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് സെബിയെ അറിയിച്ചതാണെന്ന മാധബിയുടെ വാദം നുണയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു ആരോപണം.

സെബി ചെയര്‍പേഴ്‌സണ് ഒരു സ്ഥാപനത്തില്‍ 99 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പിന് കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുക വഴി മാധബി പുരി ബുച്ചിന്റെ ഭര്‍ത്താവിന് 4.78 കോടി രൂപ വരുമാനം ലഭിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.