ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ചാവേർ ആക്രമണം; വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം
ലോക മനസാക്ഷിയെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 23 വർഷം. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അൽ ഖ്വയിദ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. 2001 സപ്തംബർ 11, ലോകരാജ്യങ്ങൾക്ക് മുന്നിൽ തലയെടുപ്പോടെ നിന്ന് അമേരിക്കയുടെ ആത്മാഭിമാനത്തിന് മുറിവേറ്റ ദിനം.
അൽഖ്വയിദ ഭീകരർ സംഘങ്ങളായി തിരിഞ്ഞ് നാല് അമേരിക്കൻ യാത്രവിമാനങ്ങൾ റാഞ്ചി. രാവിലെ എട്ട് മുപ്പത്, അംബരചുംബിയായ വേൾഡ് ട്രേഡ് സെൻററിൻറെ ഇരട്ട കെട്ടിടങ്ങളിലേക്ക് രണ്ട് വിമാനങ്ങൾ ഇടിച്ചിറങ്ങി. പത്തൊൻപത് പേർ അടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. അമേരിക്കൻ സൈന്യത്തിന്റെ ആസ്ഥാനമായ പെന്റഗണിലേക്ക് ഒരു വിമാനം ഇടിച്ചിറങ്ങി.
നാലാമത്തെ വിമാനം വൈറ്റ് ഹൌസ് ലക്ഷ്യമാക്കിയുളളതായിരുന്നുവെന്നാണ് റിപ്പോട്ടുകൾ. യാത്രക്കാരും ഭീകരരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പെൻസിൽവാനിയയിലെ പാടശേഖരത്ത് വിമാനം തകർന്നുവീണു. 77 രാജ്യങ്ങളിൽനിന്നുള്ള 2977 പേരാണ് അന്ന് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേർക്ക് പരുക്കേറ്റു.
ആക്രമണം നടന്ന തൊട്ടടുത്ത മാസം അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെത്തി. ഡിസംബറോടെ താലിബാൻ സർക്കാർ താഴെവീണു. പത്ത് വർഷങ്ങൾക്ക് ശേഷം ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചു. പത്തുവർഷത്തോളം നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനിൽ തുടർന്നു. എന്നാൽ സൈന്യം മടങ്ങിയതോടെ അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ അധികാരത്തിലെത്തി.