മുഹമ്മദ് ആട്ടൂർ തിരോധാനം: ‘പിന്നിൽ എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകൾ’; തെളിവുണ്ടെന്ന് പിവി അൻവർ
മുഹമ്മദ് ആട്ടൂർ തിരോധാനത്തിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകളാണെന്ന് പിവി അൻവർ എംഎൽഎ. എം. ആർ അജിത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പിവി അൻവർ വ്യക്തമാക്കി. എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാനാണെന്ന് അൻവർ ആരോപിച്ചു.
എം.ആർ അജിത് കുമാറിനും സുജിത്ത് ദാസിൻ്റെ ഗതി വരും. കാലചക്രം തിരിയുകയാണല്ലോയെന്ന് പിവി അൻവർ പറഞ്ഞു. എം.ആർ അജിത്ത് കുമാർ കൊടും കുറ്റവാളിയാണെന്ന് അൻവർ രൂക്ഷമായി വിമർശിച്ചു. പി ശശിയെ കുറിച്ചുള്ള ചോദ്യത്തിന് ഇനി രാഷ്ട്രീയ മറുപടി ഇല്ലെന്നും ഉന്നയിച്ച ആരോപണങ്ങളിലെ കേസന്വേഷണത്തിൽ മാത്രം മറുപടി ഉണ്ടാകുവെന്നായിരുന്നു അൻവറിന്റെ മറുപടി. അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛൻ്റെ മക്കളാണെന്നും ചേട്ടനും അനിയനും പോലെയാണെന്നും അൻവർ വിമർശിച്ചു.
മാമി കേസിൽ കൈവശമുള്ള തെളിവുകൾ ഡിഐജിയ്ക്ക് ഇന്നലെ കൈമാറിയിട്ടുണ്ട്. പുതിയ ക്രൈം ബ്രാഞ്ച് സംഘത്തിന് തെളിവുകൾ സീലു വച്ച കവറിൽ നൽകുമെന്ന് അൻവർ വ്യക്തമാക്കി. അതേസമയം ക്രൈംബ്രാഞ്ചിന് കുടുംബം പുതിയ പരാതി നൽകും. നിലവിലെ അന്വേഷണത്തിൽ ഉണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക.
മുഹമ്മദ് ആട്ടൂർ തിരോധാന കേസ് അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണച്ചുമല. ഐജി പി പ്രകാശ് മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.