NationalTop News

ഡ്രോണിൽ ബോംബുകൾ, റോക്കറ്റ്; ഇത് ഉക്രൈനോ ഗാസയോ അല്ല; മണിപ്പൂരിലെ അവസ്ഥയാണ്

Spread the love

അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി മണിപ്പൂർ. ഡ്രോണില് ബോംബുകളും റോക്കറ്റും പറന്നുവീഴുന്ന ഇവിടം ഉക്രൈനോ ഗാസയോ അല്ല രാജ്യത്തെ ഒരു പ്രദേശമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. വീടിന് മുകളിൽ ബോംബ് വന്ന് പതിക്കുമെന്ന ഭീതിയിൽ രാത്രി കാലത്ത് വിളക്കുകൾ അണച്ച് ഭീതിയോടെ കഴിയുകയാണ് ഇവിടെ ജനങ്ങൾ. ഇന്നലെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 70കാരൻ കൊല്ലപ്പെട്ടിരുന്നു. ഡ്രോൺ ഉപയോഗിച്ച് ബോംബ് വർഷിക്കുന്നത് മണിപ്പൂരിൽ പലയിടത്തും പതിവ് സംഭവമായി മാറിയിട്ടുണ്ട്.

ബിഷ്ണുപൂർ ജില്ലയിലെ മലയോര മേഖലയിലാണ് കഴിഞ്ഞ ദിവസം റോക്കറ്റ് ആക്രമണം നടത്തിയത്. ഇംഫാൽ വെസ്റ്റിൽ ഡ്രോൺ ഉപയോഗിച്ച് ബോംബിട്ട് രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് റോക്കറ്റാക്രമണം നടന്നത്. ഈ സംഭവങ്ങൾക്ക് പിന്നാലെ ഇംഫാൽ ഈസ്റ്ററിലും ഇംഫാൽ വെസ്റ്റിലും സൈനിക കേന്ദ്രങ്ങളിലേക്ക് ഇരച്ചെത്തിയ ജനം ആയുധങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചെന്നും വിവരമുണ്ട്.

ഇക്കഴിഞ്ഞ സെപ്തംബർ ഒന്നിനാണ് ഇംഫാൽ വെസ്റ്റിലെ കൂത്രൂക് ഗ്രാമത്തിൽ ഡ്രോൺ ഉപയോഗിച്ച് ആദ്യത്തെ ആക്രമണം നടന്നത്. ഈ സംഭവത്തി 2 പേർ കൊല്ലപ്പെടുകയും ഒൻപത് പേർക്ക് പരിക്കേൽക്കകയും ചെയ്തിരുന്നു. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഡ്രോണുകൾ സെഞ്ചം, ചിരാങ് എന്നിവിടങ്ങളിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവങ്ങളിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റെന്ന് വിവരമുണ്ട്.

ചുരാചന്ദ്‌പൂരിലെ കുകി-സോമി ഭൂരിപക്ഷ മലയോര മേഖലയിൽ നിന്ന് താഴ്‌വാരത്തിലുള്ള ത്രോങ്ലോബിയിലേക്കാണ് ഡ്രോൺ ആക്രമണം നടക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ റോക്കറ്റ് ആക്രമണം നടന്നത് മണിപ്പൂർ മുൻ മുഖ്യമന്ത്രി അന്തരിച്ച മൈരൻബാം കൊയ്റെങിൻ്റെ വീട്ടിലേക്കായിരുന്നു. തങ്ങളുടെ കുടുംബാംഗത്തിൻ്റെ സംസ്കാര ചടങ്ങ് ഈ വീട്ടിൽ നടക്കുന്നതിനിടെയാണ് റോക്കറ്റ് ആക്രമണം നടന്നത്.

പൊടുന്നനെ റോക്കറ്റ് ബോംബ് പതിച്ച് പൊട്ടിത്തെറിച്ചപ്പോൾ പരിഭ്രാന്തരായ ജനം പലവഴിക്ക് ഓടി. സ്ഫോടനത്തിന് ശേഷം തിരികെ വന്നപ്പോഴാണ് സ്ഥലത്ത് ഒരാൾ മരിച്ചു കിടക്കുന്നത് ഇവർ കണ്ടത്. സംസ്ഥാനത്തെ സംഘർഷ ബാധിത മേഖലകളിൽ രാത്രി കാലത്ത് അതിശക്തമായ വെടിവെപ്പും ആക്രമണങ്ങളും തുടരുകയാണ്. ഇത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയിട്ടുണ്ട്.