തമിഴ്നാട്ടിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്ന് ഗവർണർ
നിലവാരമില്ലാത്ത വിദ്യാഭ്യാസം നൽകി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്നും സർക്കാർ സ്കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും തമിഴ്നാട് ഗവർണർ ആർഎൻ രവി. സർക്കാർ സ്കൂളുകളിലെ 75% വിദ്യാർഥികൾക്കും രണ്ടക്കം കൂട്ടിവായിക്കാൻ അറിയില്ലെന്നും ഗവർണർ ആരോപിച്ചു. സ്റ്റേറ്റ് സിലബസ് നിലവാരമില്ലാത്തതും കുട്ടികളെ പിന്നോട്ട് വലിക്കുന്നതാണെന്നും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ വിമർശനം.
സർക്കാർ സ്കൂളുകളിലെ പഠനനിലവാരത്തകർച്ച രാജ്യത്തെയും സംസ്ഥാനത്തെയും ഒരുപോലെ അഫകടത്തിലാക്കും. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിക്കു പോലും രണ്ടടക്കം ചേർത്തു പറയാനാകുന്നില്ല. 40 ശതമാനം കുട്ടികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാൻ അറിയില്ല. സംസ്ഥാനത്തെ അധ്യാപന നിലവാരം ദേശീയ ശരാശരിയിലും താഴെയാണ്. വെറുതെ ഒരു നിയന്ത്രണവും മാനദണ്ഡങ്ങളുമില്ലാതെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകി ചെറുപ്പക്കാരെ തൊഴിലില്ലാത്ത ഉപയോഗശൂന്യരാക്കുകയാണ് ചെയ്യുന്നത്. സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത്തരം നിലവാരത്തകർച്ച കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.
സ്റ്റേറ്റ് സിലബസിന് നിലവാരമില്ലെന്ന പരാമർശത്തെ വിമർശിച്ച് ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സർക്കാർ സ്കൂളുകൾ മൊത്തം നിലവാരകത്തകർച്ച നേരിടുകയാണെന്ന് ഗവർണർ ആരോപിച്ചത്. വിമർശനാത്മകമായി ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും തമിഴ്നാട് സംസ്ഥാന സിലബസ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിൻ, സ്റ്റേറ്റ് ബോർഡിന് കീഴിൽ പഠിച്ചവരിൽ പലരും ഐഎസ്ആർഒയിലും ഐടി മേഖലയിലും ഉന്നത പദവികൾ വഹിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.സ്റ്റേറ്റ് സിലബസിനെ ആരെങ്കിലും വിമർശിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല. ഇപ്പോഴും ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിനർത്ഥം അവർ നമ്മുടെ വിദ്യാർത്ഥികളെയും അധ്യാപകരെയും അപമാനിക്കുകയാണെന്നാണ്. നമ്മുടെ മുഖ്യമന്ത്രിയും ദ്രാവിഡ സർക്കാരും അത് അനുവദിച്ചുനൽകുകയില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.