കൊല്ലത്ത് 19കാരിയെ മർദ്ദിച്ച സംഭവം ; പൊലീസ് കേസെടുത്തു
കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്ന് ആരോപിച്ച് ഭർതൃവീട്ടുകാർ 19 കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കൊല്ലം നീണ്ടകര സ്വദേശി അലീനയ്ക്കാണ് പ്രസവം കഴിഞ്ഞ ഇരുപത്തിയേഴാം നാൾ മർദ്ദനം ഏൽക്കേണ്ടി വന്നത്. അലീന തന്റെ പേര് വിളിച്ചതുകൊണ്ടാണ് മർദ്ദിച്ചതെന്ന വിചിത്രവാദമാണ് ഭർത്താവ് മഹേഷിന്റേത്.
ഭർത്താവും ഭർത്താവിൻ്റെ സഹോദരനും പിതാവും ചേർന്ന് അലീനയെ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമുള്ള വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ഗാർഹിക പീഡനം, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം, തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഭർത്താവ് മഹേഷ്, സഹോദരൻ മുകേഷ് മാതാപിതാക്കളായ മുരളി, ലത എന്നിവർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്ക് നേരെ ഉണ്ടായത് ക്രൂര മർദ്ദനമെന്ന് അലീന പറഞ്ഞു.
തൻ്റെ പേര് വിളിച്ചതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്നും ഇതാണ് മർദ്ദനത്തിൻ്റെ കാരണമെന്നുമായിരുന്നു ഭർത്താവ് മഹേഷിന്റെ വിചിത്രന്യായം. തൻ്റെ അമ്മയെ ഭാര്യ ഉപദ്രവിച്ചെന്ന് മഹേഷ് പറഞ്ഞു. സർക്കാർ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ഭർതൃവീട്ടുകാരും അലീനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി.