NationalTop News

ഇന്ത്യ ഇഷ്ടമല്ലെങ്കിൽ അടച്ചുപൂട്ടി പോകൂ; വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി

Spread the love

വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഡൽഹി ഹൈക്കോടതി. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ മാനനഷ്ടക്കേസിലാണു നടപടി. രാജ്യത്ത് വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുന്നറിയിപ്പ് നൽകിയ കോടതി, ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്ന കടുത്ത പരാമർശങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

മോദി സർക്കാരിന്റെ പ്രോപഗണ്ട ആയുധമായി പ്രവർത്തിക്കുന്നുവെന്നതുൾപ്പെടെയുള്ള വിവരങ്ങൾ എഡിറ്റ് ചെയ്തു ചേർത്തുവെന്നാണ് വിക്കിപീഡിയക്കെതിരെ വാർത്താ ഏജൻസിയുടെ ആരോപണം. എഎൻഐയുടെ വിക്കിപീഡിയ പേജിൽ നടത്തിയ എഡിറ്റിങ്ങിൽ പരാതിയുമായാണ് ഏജൻസി നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം, ജസ്റ്റിസ് നവീൻ ചൗളയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്ത്യൻ സ്ഥാപനമല്ലാത്തതിനാൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ വിക്കിമീഡിയയുടെ അഭിഭാഷക സംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇത് ഇനിയും ഒഴികഴിവായി അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഇതേ ന്യായം മുൻപും പറഞ്ഞതാണ്. ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്നും ജസ്റ്റിസ് ചൗള വിക്കിമീഡിയ സംഘത്തോട് ആവശ്യപ്പെട്ടു.

കോടതിയലക്ഷ്യം ചുമത്തുന്നതിനൊപ്പം ഇവിടെയുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടാനും പോകുകയാണെന്നും കോടതി മുന്നറിയിപ്പ് നൽകി. വിക്കിപീഡിയ നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി. വിക്കിമീഡിയ ഫൗണ്ടേഷനിലെ ഒരു ഔദ്യോഗിക വൃത്തം അടുത്ത ഒക്ടോബറിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.