Saturday, November 9, 2024
Latest:
NationalTop News

മുസ്ലിങ്ങളെന്ന് കരുതി ഹിന്ദു തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് യു പിയില്‍ അറസ്റ്റിൽ

Spread the love

യു.പിയില്‍ മുസ്ലിങ്ങളെന്ന് ആരോപിച്ച് കൻവര്‍ തീർഥാടകരെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിൽനിന്നുള്ള തീർഥാടകരാണ് ആക്രമണത്തിനിരയായത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഹാഥ്‌റസ് ശാഖാ ബിജെപി യുവമോർച്ച വൈസ് പ്രസിഡന്റ് ഗജേന്ദ്ര റാണയാണ് കേസിൽ അറസ്റ്റിലായത്.

ഉത്തർപ്രദേശിലെ ഹാഥ്‌റസിലാണു സംഭവം. പെട്രോൾ പമ്പിൽ വിശ്രമിക്കുകയായിരുന്ന തീർഥാടകരെ മദ്യലഹരിയിൽ സ്ഥലത്തെത്തിയ ഗജേന്ദ്ര ഇവരോട് പോകാൻ ആവശ്യപ്പെട്ടു. കാഷായ വസ്ത്രം ധരിച്ചെത്തിയ മുസ്ലിങ്ങളാണ് ഇവരെന്നും ശ്രാവണ മാസം കഴിഞ്ഞിട്ടും കാവഡ് തീർഥാടകരെന്ന വ്യാജേന ഇറങ്ങിയതാണെന്നും ആരോപിച്ച് ഇയാൾ ചോദ്യംചെയ്യാൻ തുടങ്ങി.

എന്നാൽ, തീർഥാടകർ ആധാർ കാർഡ് കാണിച്ചിട്ടും. ഇവരെ മർദിക്കുകയും ശകാരവർഷം ചൊരിയുകയും ചെയ്തു. ഹരിദ്വാറിൽനിന്നു തീർഥം ശേഖരിച്ചുവരുന്ന വഴിയാണെന്നും വെറുതെവിടണമെന്നും കേണപേക്ഷിച്ചെങ്കിലും ഇയാൾ ആക്രമണം തുടർന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം നടന്നത്.

തീർഥാടകർ ഫോണിൽ വിളിച്ചറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതോടെ ബിജെപി നേതാവ് പൊലീസുകാർക്കുനേരെയും തിരിഞ്ഞു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും യൂണിഫോം പിടിച്ചുവലിക്കുകയും കീറുകയും ചെയ്തതു. പിന്നീട് കൻവര്‍ തീർഥാടകരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.