‘രാത്രിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അവിടെ പ്രത്യക്ഷപ്പെട്ടത് തന്നെ കൃത്യമായ തിരക്കഥയുടെ ഭാഗം’; പൂരം അട്ടിമറി അന്വേഷിക്കണമെന്ന് മുരളീധരന്‍
തൃശൂര്‍ പൂരം അട്ടിമറിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിമെന്ന് കെ മുരളീധരന്‍. സംഭവത്തില്‍ അഞ്ചുമാസം ആയിട്ട് അന്വേഷണം നടത്താത്തത് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. പൂരം അട്ടിമറ നടന്നുവെന്ന് താന്‍ അന്നേ പറഞ്ഞതാണ്. അജിത് കുമാര്‍ പൂരം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടി എന്നറിഞ്ഞേ തീരൂ. വൈകുന്നേരം വരെയും താനും സുനില്‍കുമാറും അവിടെയുണ്ടായിരുന്നു. രാത്രിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രത്യക്ഷപ്പെട്ടത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. യുഡിഎഫ് – എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാതി ഉണ്ടായിട്ടും അന്വേഷിക്കാത്തത് എന്തെന്നും മുരളീധരന്‍ ചോദിച്ചു.
എം ആര്‍ അജിത് കുമാറാണ് ഇതിന് പിന്നിലെന്ന് പി വി അന്‍വര്‍ തന്നെ സൂചിപ്പിച്ച സ്ഥിതിയ്ക്ക് അന്വേഷണം നടത്താതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നത് എന്തിനാണെന്ന് മുരളീധരന്‍ ചോദിച്ചു. സംഭവത്തില്‍ സുനില്‍ കുമാറും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ തനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം തന്നെ ആവശ്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തൃശൂര്‍ പൂരം അട്ടിമറിച്ച ഗൂഢാലോചനയെ പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടു. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഉന്നയിച്ചത് ഒരു ഇടതുപക്ഷ എംഎല്‍എയാണ് ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങളെപ്പറ്റി സിപിഐ അന്നേ വിമര്‍ശനം ഉന്നയിച്ചതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതിന്റെ പിന്നില്‍ ഒരു ഗൂഢനീക്കം ഉണ്ട്. ഇത് അന്വേഷിക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്-സിപിഎം ചര്‍ച്ച എന്ന കാഴ്ചപ്പാട് സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.