തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിൽ പിണറായി വിജയനെയും രാഹുൽ ഗാന്ധിയെയും പങ്കെടുപ്പിക്കാൻ വിജയ്
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാൻ നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരേയും വിജയ് ക്ഷണിച്ചേക്കും.
രാഷ്ട്രീയത്തിൽ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള നേതാവ് രാഹുലാണെന്നും അതിനാലാണ് അദ്ദേഹത്തെ ടി.വി.കെ.യുടെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നതെന്നുമാണ് ടി.വി.കെ. നേതാക്കൾ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കുന്നതെന്ന ആരോപണം ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്.
രാഹുലുമായി അടുപ്പംപുലർത്തിയിരുന്ന വിജയ് 2009-ൽ കോൺഗ്രസിൽച്ചേരാൻ ഒരുങ്ങിയതാണ്. എന്നാൽ, പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യസഖ്യത്തിൽ പ്രധാനകക്ഷിയായ ഡി.എം.കെ.യെ എതിർത്തുകൊണ്ടാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നത്. അതിനാൽ വിജയ് ക്ഷണിച്ചാൽ രാഹുൽഗാന്ധി സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., ബി.ജെ.പി. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ചടങ്ങിനെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, കമല്‍ഹാസന്റെ നേതൃത്വത്തില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ രൂപീകരണസമയത്ത് അരവിന്ദ് കെജ്‌രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.