KeralaTop News

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു

Spread the love

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി. ഇന്നലെ രാത്രി കോട്ടയത്തെ സംസ്ഥാന സമിതി ഓഫീസിൽ കേരള കോൺഗ്രസ് എം പാർലിമെൻ്ററി പാർട്ടി അടിയന്തര യോഗം ചേർന്നു. വിവാദങ്ങളിൽ ക്യാമ്പിനറ്റിലും എൽഡിഎഫിലും അതൃപ്തി അറിയിച്ചേക്കും. എന്നാൽ പരസ്യ പ്രതികരണങ്ങൾ നടത്തി മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ലെന്നാണ് തീരുമാനം.

പി വി അൻവറിൻ്റെ ആരോപണങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടും ജയരാജൻ്റെ രാജിയും യോഗത്തിൽ ചർച്ചയായി. പി.വി അൻവറിൻ്റെ ആരോപണത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് ജോസ് കെ മാണി പറഞ്ഞു. ക്യാമ്പിനറ്റിൽ പറയാനുള്ളത് പുറത്ത് പറയുന്നില്ല. മുഖ്യമന്ത്രി തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെ, എന്നിട്ട് ബാക്കി പറയാമെന്നും അദ്ദേഹം റഞ്ഞു പ്രതികരിച്ചു.

അതേസമയം ആഭ്യന്തര വകുപ്പിനെതിരെ ഭരണകക്ഷി എംഎൽഎ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ വിവാദം കൊഴുക്കുന്നതിനിടെ മന്ത്രിസഭ ഇന്ന് യോഗം ചേരും. സിപിഐ ഉൾപ്പെടെ ഘടകകക്ഷി മന്ത്രിമാർ പി വി അൻവറിന്റെ ആരോപണത്തിനു ശേഷമുള്ള സർക്കാർ നിലപാടിൽ അതൃപ്തി അറിയിച്ചേക്കുമെന്നാണ് സൂചന. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം ആർ അജിത്കുമാറിനെ മാറ്റി നിർത്താതെ നിഷ്പക്ഷ അന്വേഷണം സാധ്യമാകുമോ എന്ന ചോദ്യം ഘടകകക്ഷികൾക്കുമുണ്ട്. എന്നാൽ നടപടി ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.