Top NewsWorld

ഈ അതി സമ്പന്ന രാജ്യത്ത് എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. ഇനിയുള്ള രണ്ട് ദിവസവും മോദി ഇവിടെയാകും തുടരുക. ബ്രൂണയ് സുൽത്താൻ ഹാജി ഹസനാൽ ബോൾകിയയെയും മോദി കാണും. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ബ്രൂണയ് സന്ദർശനം നടത്തുന്നു എന്ന റെക്കോർഡ് മോദി ഇതോടെ കരസ്ഥമാക്കി.

മോദി ആദ്യം എത്തുക സുൽത്താൻ ഹാജി ഹസനാൽ ബോൾകിയയുടെ കൊട്ടാരത്തിലേക്കാവും. കൊട്ടാരം കാണുമ്പോൾ എന്തായാലും മോദി ഞെട്ടുമെന്നുള്ള കാര്യം ഉറപ്പാണ്. കാരണം അത്ര നിസാരമല്ല സുൽത്താന്റെ കൊട്ടാരം. പേരുകേട്ട ‘ഇസ്താന നൂറുൽ ഇമാൻ’ കൊട്ടാരത്തിന് ഏകദേശം 2,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്. 1,700 മുറികളും 257 കുളിമുറികളും അഞ്ച് നീന്തൽക്കുളങ്ങളും 110 ഗാരേജുകളുമായി കൊട്ടാരം അത്യാഡംബരം. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കൊട്ടാരമാണ് ഇത്.

അതിരുകടന്ന ജീവിത ശൈലി തന്നെയാണ് സുൽത്താനെ ശ്രദ്ധേയനാകുന്നത്. ഏകദേശം 30 ബില്യൺ ഡോളർ ആസ്തിയുള്ള അദ്ദേഹം ഒരിക്കൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി അംഗീകരിക്കപ്പെട്ടിരുന്നു.

5 മില്യൺ ഡോളർ മൂല്യം വരുന്നതാണ് സുൽത്താന്റെ ഗാരേജുകൾ. അതിലാവട്ടെ 600 റോൾസ് റോയ്‌സുകൾ, 450 ഫെരാരികൾ, 380 ബെൻ്റ്‌ലികൾ എന്നിവയുൾപ്പെടെ 7,000-ത്തിലധികം വാഹനങ്ങൾ. കൂടാതെ ലോകത്തിലെ ഏഴ് പേർക്ക് മാത്രം സ്വന്തമായ സ്വർണ്ണം പൂശിയ റോൾസ് റോയ്‌സ്, ഫെരാരി 456 GT വെനീസ് തുടങ്ങിയ അപൂർവ്വം വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്.

ഇനി അദ്ദേഹം സഞ്ചരിക്കുന്ന വിമാനങ്ങളിലേക്ക് കടന്നാൽ ബോയിംഗ് 747-400 തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. പറക്കുന്ന കൊട്ടാരം എന്നറിയപ്പെടുന്ന ഈ വിമാനം സ്വർണ്ണവും ലാലിക്ക് ക്രിസ്റ്റലും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഏകദേശം 400 മില്യൺ ഡോളറാണ് ഈ വിമാനത്തിന്റെ വില. കൂടാതെ ബോയിംഗ് 767-200, എയർബസ് എ340-200 തുടങ്ങിയ വിമാനവും സുൽത്താൻ്റെ കൈവശമുണ്ട്.

1892-ലെ പിയറി ഓഗസ്റ്റെ റെനോയറിൻ്റെ മാസ്റ്റർപീസ് ചിത്രമായ ‘യംഗ് ഗേൾസ് അറ്റ് ദി പിയാനോ’ എന്ന പെയിന്റിങ്ങും സുൽത്താന്റെ കലാ ശേഖരത്തിൽ ഉൾപ്പെടുന്നുണ്ട്. 70 മില്യൺ ഡോളറിനാണ് അദ്ദേഹം ഈ ചിത്രം സ്വന്തമാക്കിയത്.

ഹസ്സനൽ ബോൾകിയ തന്റെ മുടി മുറിക്കുന്നതിന് 20,000 ഡോളർ വരെ ചെലവഴിക്കുന്നതായി റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് റോയൽ രാജകുമാരൻമാരായ വില്യം, ഹാരി എന്നിവർ പഠിച്ച റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. തൻ്റെ ആഡംബര ജീവിതത്തിനപ്പുറം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഭരണ പരിഷ്കാരങ്ങളിലും അദ്ദേഹം ഏറെ പ്രശസ്തനാണ്. എലിസബത്ത് രാജ്ഞിക്ക് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ രാജാവാണ് സുൽത്താൻ ഹസനാൽ ബോൾകിയ.