ഹരിയാന തെരഞ്ഞെടുപ്പ്: വിനേഷ് ഫോഗട്ടിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി. വിനേഷിനെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടെടുക്കും. കോണ്‍ഗ്രസ് നേതാക്കള്‍ വിനീഷ് ഫോഗട്ടുമായി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക രണ്ടുദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഹരിയാനയുടെ ചുമതലയുള്ള ഐഎസിസി നേതാവ് ദീപക് ബാബറിയ പ്രഖ്യാപിച്ചു. ഒളിംപിക്‌സ് അയോഗ്യതയില്‍ മനസുതകര്‍ന്ന് താന്‍ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച വിനേഷ് ഇനി രാഷ്ട്രീയ ഗോദയിലേക്ക് സജീവമായി ഇറങ്ങിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നീതിയ്ക്കായി സമരം ചെയ്ത ഗുസ്തി താരങ്ങളുടെ മുന്‍ നിരയിലും വിനേഷുണ്ടായിരുന്നു. പാരിസില്‍ വിനേഷ് ഗംഭീര പ്രകടനം കാഴ്ചവച്ചെങ്കിലും 100 ഗ്രാം അധികഭാരത്തിന്റെ പേരില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ സ്വപ്‌നങ്ങള്‍ തകരുകയായിരുന്നു.
രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസവും വിനേഷ് കൃത്യമായ മറുപടി പറഞ്ഞിരുന്നില്ല. താനിപ്പോഴും ഒരു ആഘാതത്തില്‍ തന്നെയാണുള്ളതെന്നും മനസ് ശാന്തമായതിനുശേഷം എല്ലാവരോടും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും വിനേഷ് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം ഭാവികാര്യങ്ങള്‍ താന്‍ ആലോചിച്ചിട്ടില്ലെന്നും വിനേഷ് അറിയിച്ചിരുന്നു.