തൃശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ആര്? ഗൂഢാലോചന പുറത്തുവരണം; വിഎസ് സുനില്‍കുമാര്‍
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം അലങ്കോലപ്പെടുത്താൻ നേതൃത്വം കൊടുത്തവർ ആരെന്ന് പുറത്തുവരണം. അന്നുണ്ടായ സംഭവങ്ങളിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്, അനിഷ്ട സംഭവങ്ങളുടെ പിന്നിൽ അന്നത്തെ കമ്മീഷണർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും വിഎസ് സുനിൽകുമാർ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാലേ ചേരയാണോ മൂര്‍ഖനാണോയെന്ന് തീരുമാനിക്കാന്‍ പറ്റൂവെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേർത്തു.
പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ഇരയാക്കപ്പെട്ട വ്യക്തിയാണ് താന്‍. പൂരം കലക്കിയത് യാദൃച്ഛികമാണെന്ന് പറയാന്‍ കഴിയില്ല. സംഭവത്തിൽ എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ. അന്ന് പൂരം നടത്തിപ്പിൽ ഉണ്ടായ വീഴ്ചയിൽ കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഒരുമാസം കൊണ്ട് പുറത്തു വരുമെന്ന് പറഞ്ഞിട്ട് ആറുമാസമായിട്ടും പുറത്തുവന്നിട്ടില്ല, .റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. ഇത് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കുമെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
‘രാത്രിസമയത്ത് മേളം നിര്‍ത്തിവെക്കാന്‍ പറഞ്ഞു, ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. വെടിക്കെട്ട് നടത്തില്ലെന്ന് നാടകീയമായ നിലപാടുണ്ടാവുകയും അതുവരെ പൂരത്തിന്റെ ഒരുചടങ്ങിലെങ്കിലും പങ്കെടുക്കാതിരുന്ന ബിജെപി സ്ഥാനാര്‍ഥി ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം നാടകീയമായി പ്രത്യക്ഷപ്പെടുകയുംചെയ്തുവെന്നത് കൂട്ടിവായിക്കുമ്പോള്‍ അതിനുപിന്നിലെ രാഷ്ട്രീയ ഗൂഢാലോചന മനസിലാകും. പൂരം അലങ്കോലപ്പെടുത്താന്‍ തീരുമാനിച്ചത് സര്‍ക്കാരാണെന്നും പിന്നില്‍ എല്‍ഡിഎഫാണെന്നും പ്രചാരണം നടത്തി ജനവികാരം തിരിച്ചുവിടാന്‍ ശ്രമിച്ച ആളുകളാണ് ബിജെപിയും ആര്‍എസ്എസും. ഇവിടുത്തെ പല പൂരപ്രമികളെക്കാളും കൂടുതല്‍ പൂരത്തെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. എന്നെയടക്കം ഈ ആളുകള്‍ പ്രതിക്കൂട്ടിലാക്കി’, സുനില്‍കുമാര്‍ പറഞ്ഞു.
പൂരം കലക്കിയത് യാദൃച്ഛികമാണെന്ന് പറയാന്‍ കഴിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നതില്‍ പോലീസുമാത്രമല്ല, പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആളുകളും ഉള്‍പ്പെട്ടിട്ടുണ്ട്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണ്, എങ്ങനെ അലങ്കോലപ്പെട്ടു, സാഹചര്യമെന്താണ്, ഗൂഢാലോചനയെന്താണ് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരണം. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് അതിനുപിന്നിലുള്ളത്. ഇന്നല്ലെങ്കില്‍ നാളെ അക്കാര്യം പുറത്തുവരുമെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി.