ഗുജറാത്തില്‍ പ്രളയസമാന സാഹചര്യം; 15 മരണം; കരകവിഞ്ഞൊഴുകിയ നദികളില്‍ നിന്ന് മുതലകള്‍ നഗരത്തിലെത്തി
ഗുജറാത്തില്‍ മൂന്ന് ദിവസമായി തുടരുന്ന തീവ്ര മഴയില്‍ പല ജില്ലകളിലും പ്രളയ സമാന സാഹചര്യം . 15 പേര് മഴക്കെടുതിയില്‍ മരിച്ചു. രക്ഷാ ദൗത്യത്തിനയി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. വഡോദരയില്‍ മലയാളികളടക്കം ദുരിതത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സൌരാഷ്ട്ര കച്ച് മേഖലയിലും തെക്കന്‍ ഗുജറാത്തിലും സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. പത്ത് ഡാമുകളാണ് സംസ്ഥാനത്ത് തുറന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ജാം നഗറില്‍ വെള്ളക്കെട്ടില്‍ കുടുങ്ങി 20 പേരെ എയര്‍ഫോഴ്സ് എയര്‍ ലിഫ്റ്റ് ചെയ്തു.ഇതില്‍ 9 പേര് കുഞ്ഞുങ്ങളാണ്. വഡോദരയില്‍ 12 അടി വരെ വെള്ളം ഉയര്‍ന്നെന്ന് ആരോഗ്യമന്ത്രി റിഷികേശ് പട്ടേല്‍ പറഞ്ഞു
വഡോദരയില്‍ അജ്വ ഡാം തുറന്നതും വിശ്വാമിത്രി നദി കര കവിഞ്ഞതും സ്ഥിതി രൂക്ഷമാക്കി. നദിയില്‍ നിന്ന് മുതലകള്‍ നഗരത്തിലേക്ക് എത്തി. വഡോദരയിലെ മലയാളി സമാജം പ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള ഭക്ഷണവും വെള്ളവും എത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് എന്ഡിആര്എഫിന്ര്റെയും എസ്ഡിആര്‍എഫിന്റെയും സംഘങ്ങള്‍ക്ക് പുറമെ ആര്‍മിയെയും രക്ഷാ ദൗത്യത്തിനായി നിയോഗിച്ചു. ആറ് ജില്ലകളിലാണ് ആര്‍മി സംഘം രക്ഷാ ദൗത്യത്തിനെത്തുക.