Top NewsWayanad

വയനാട് ഉരുൾപൊട്ടൽ; ഡി.എൻ.എ പരിശോധനയിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു

Spread the love

ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളിൽ നിന്ന് ശഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്.

ഡി.എൻ.എ പരിശോധയിൽ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വിട്ടുനൽ‌കും. ഇതിനായി മാനന്തവാടി സബ് കളക്ടർക്ക് വിശദാംശങ്ങൾ നൽകിയാൽ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സൗകര്യം ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുത്തുമലയിലാണ് തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്നത്.

ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയാണ് സംസ്‌കരിച്ചത്. ഇതിനാൽ തന്നെ തിരിച്ചറിഞ്ഞവ ഈ നമ്പർ നോക്കി ബന്ധുക്കൾക്ക് വിട്ടുനൽകാനാകും. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവിൽ സംസ്‌കരിച്ച സ്ഥലത്ത് തുടരാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾക്ക് അതിനുള്ള സൗകര്യവും ചെയ്യും.