സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് എം. മുകേഷ് പുറത്തേക്ക്; രാജിവെക്കാൻ സിപിഐഎം നിർദേശം
സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷ് ഒഴിയും. സമിതിയിൽ നിന്ന് രാജിവെക്കാൻ സിപിഐഎം മുകേഷിന് നിർദേശം നൽകി. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. തീരുമാനമെടുത്ത് ഉടൻ പാർട്ടി അറിയിക്കാൻ സിപിഐഎം നിർദേശം നൽകി. നടനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് സിപിഐഎം തീരുമാനം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താനുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങള്‍ സ്വാഗതംചെയ്യുന്നുവെന്ന് നടന്‍ കൂടിയായ എം. മുകേഷ് എം.എല്‍.എ പറഞ്ഞിരുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. സത്യം പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
രാഷ്ട്രീയമായി വേട്ടയാടാന്‍ വരുന്നവരോട് പരാതിയില്ല. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി 2018-ല്‍ ഇതേ രാഷ്ട്രീയനാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വെളിപ്പെടുത്തല്‍ നടത്തിയ നടിക്കെതിരെ മുകേഷ് ബ്ലാക്‌മെയിലിങ് ആരോപണവും ഉന്നയിച്ചു.
ബ്ലാക്‌മെയില്‍ തന്ത്രങ്ങള്‍ക്ക് കീഴടങ്ങാന്‍ തയ്യാറല്ല. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകര്‍ക്കാന്‍ കെണിവെക്കുന്നവരെ ഒറ്റപ്പെടുത്തുകതന്നെ ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മുകേഷ് വ്യക്തമാക്കി.