NationalTop News

‘ഇതിന്റെയെല്ലാം ഉത്തരവാദികള്‍ക്ക് പലിശ സഹിതം ഞാന്‍ തരും’; ജയില്‍ മോചിതയായി കെ കവിത

Spread the love

ഡല്‍ഹി മദ്യനായ അഴിമതി കേസില്‍ സുപ്രിംകോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ബി ആര്‍ എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി. കവിതയെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും, തിഹാര്‍ ജയിലിന് പുറത്ത് വാദ്യഘോഷ ങ്ങളോടെ സ്വീകരിച്ചു. മദ്യനയഴിമതി കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇ ഡി അറസ്റ്റ് ചെയ്ത കവിത അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിത ആകുന്നത്.

തനിക്കെതിരായ നടപടികള്‍ രാഷ്ട്രീയ പ്രേരിതമെന്നും തന്റെ കുടുംബത്തിന് ഈ അവസ്ഥ ഉണ്ടാക്കിയവര്‍ക്ക് പലിശ സഹിതം മറുപടി നല്‍കുമെന്നും കവിത പറഞ്ഞു.തങ്ങള്‍ പോരാളികള്‍ ആണെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നും, തന്നെ ജയിലില്‍ അടച്ചതിലൂടെ ബി ആര്‍ എസ് ഇന്റെ കരുത്ത് വര്‍ദ്ധിച്ചു എന്നും കവിത പറഞ്ഞു. ഡല്‍ഹി വസന്ത് വിഹാറിലെ പാര്‍ട്ടി ഓഫീസില്‍ പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി.

ഇന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയുടേയും കെ വി വിശ്വനാഥന്റേയും ബെഞ്ചാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സിബിഐ കേസിലും ഇ ഡി കേസിലും 10 ലക്ഷം രൂപ നീതം കവിത കെട്ടിവയ്ക്കണമെന്നും കോടതി നിഷ്‌കര്‍ശിച്ചിട്ടുണ്ട്.