NationalTop News

കങ്കണ റണാവത്തിന് വധഭീഷണി

Spread the love

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിന് നേരെ വധഭീഷണി. അടിയന്തരാവസ്ഥ പ്രമേയമായി ഇറങ്ങുന്ന ‘എമെർജൻസി’ യുടെ ട്രൈലെർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭീഷണി. സിഖ് വിഘടനവാദ ഗ്രൂപ്പുകളുടെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ കങ്കണ പൊലീസ് സഹായം തേടിയിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ആയിരുന്നു താരം ട്രൈലെർ പങ്കുവെച്ചത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നിന്നുള്ള ബിജെപി എംപിയാണ് കങ്കണ.

“നിങ്ങൾ ഈ സിനിമ റിലീസ് ചെയ്താൽ, സർദാർമാർ നിങ്ങളെ ചെരിപ്പുകൊണ്ട് അടിക്കും, നിങ്ങളെ ഇതിനോടകം തല്ലിയിട്ടുണ്ട്, ഞാൻ അഭിമാനിയായ ഒരു ഇന്ത്യക്കാരനാണ്, നിങ്ങളെ എൻ്റെ രാജ്യത്ത് എവിടെയെങ്കിലും കണ്ടാൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഞങ്ങളുടെ ഹിന്ദു, ക്രിസ്ത്യൻ, മുസ്‍ലിം സഹോദരങ്ങൾക്കൊപ്പം ഞങ്ങളും നിങ്ങളെ ചെരിപ്പുകൾ നൽകി സ്വാഗതം ചെയ്യും” എന്നായിരുന്നു ഭീഷണി സന്ദേശം.

ചരിത്രം മാറ്റാൻ കഴിയില്ല. സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും ആരായിരുന്നുവെന്ന് മറക്കരുത്. ഞങ്ങൾ നേരെ ചൂണ്ടുന്ന വിരൽ എങ്ങനെ ഒടിക്കണമെന്ന് അറിയാം. സിനിമയിൽ അദ്ദേഹത്തെ (ജർണയിൽ സിംഗ് ഭിന്ദ്രൻവാലെ) തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ആരുടെ സിനിമ ചെയ്യുന്നുവോ ആ വ്യക്തിക്ക് (ഇന്ദിരാഗാന്ധി) എന്താണ് സംഭവിച്ചതെന്ന് ഓർക്കുക” എന്നായിരുന്നു മറ്റൊരാളുടെ ഭീഷണി. 1984 ഒക്ടോബർ 31-ന് ഇന്ദിരാഗാന്ധിയെ വധിച്ച രണ്ട് അംഗരക്ഷകരായിരുന്നു സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും.

അതേസമയം, ‘എമര്‍ജന്‍സി’ നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡൻ്റ് ഹർജീന്ദർ സിംഗ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്.