Top NewsWorld

ബംഗ്ലാദേശിൽ മതപരവും രാഷ്ട്രീയവുമായ വിവേചനം ഉണ്ടാകില്ല: മുഹമ്മദ് യൂനുസ്

Spread the love

മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ബംഗ്ലാദേശിലെ പൗരന്മാരോട് വിവേചനം കാണിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ശ്രീകൃഷ്ണജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ദേശീയ അവധിക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യത്യസ്‌ത മതം പിന്തുടരുന്നതിനോ വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായമുള്ളതിനോ ഞങ്ങൾ ആരോടും വിവേചനം കാണിക്കില്ല,” എല്ലാ അംഗങ്ങളേയും ഒരു കുടുംബത്തിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മത ന്യൂനപക്ഷങ്ങള്‍, ഗോത്രങ്ങള്‍, മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ തുടങ്ങിയവരെല്ലാം പുതിയ ബംഗ്ലാദേശില്‍ തുല്ല്യ അവകാശങ്ങളുള്ള പൗരന്‍മാരായിരിക്കും,’ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ മുഹമ്മദ് യൂനുസ് പറഞ്ഞു.” നിരവധി പ്രശ്‌നങ്ങളിലൂടെയാണ് രാജ്യം പോവുന്നതെന്നും സമാധാനപാലനത്തിനുവേണ്ടി ജനങ്ങളും പ്രവര്‍ത്തിക്കണമെന്നും യൂനിസ് കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് അഞ്ചിന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിനെ തുടർന്ന് ആഗസ്റ്റ് എട്ടിന് ധാക്കയിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസ് ചുമതലയേൽക്കുകയായിരുന്നു. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ താന്‍ നയിക്കുന്ന ഇടക്കാല സര്‍ക്കാരില്‍ നിന്നുമുണ്ടാവില്ല എന്നും മുഹമ്മദ് യൂനുസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും, ബംഗ്ലാദേശ് സര്‍ക്കാരിനായുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയ കൂടിയാലോചനകള്‍ക്ക് ശേഷം ഉണ്ടാവുമെന്നും അതുവരെ രാജ്യത്തെ ഇടക്കാല സര്‍ക്കാര്‍ നയിക്കുമെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു.