ചെഗുവേരയുടെ വാക്കും ചിത്രവുമായി നടി ഭാവന; വാക്കുകള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ ഓര്‍മിപ്പിക്കാനെന്ന് സോഷ്യല്‍ മീഡിയ
ചെഗുവേരയുടെ വാക്കും ചിത്രവുമായി ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി ഭാവന. ‘അനീതി എവിടെ നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാന്‍ കഴിവുണ്ടാകണം’ എന്ന വാചകവും ചെ ഗുവേരയുടെ ചിത്രവുമാണ് നടി ഭാവന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട തുറന്നുപറച്ചിലുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ശ്രദ്ധേയമായ കുറിപ്പുമായി നടി ഭാവന രംഗത്തെത്തിയത്. അനീതിയെക്കുറിച്ച് ചെഗുവേര പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചാണ് ഭാവനയുടെ പോസ്റ്റ്. എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്ട്ടിന്മേല് അടയിരുന്ന സര്‍ക്കാരിനേയും ആരോപണ വിധേയരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയുമാണ് ഭാവനയുടെ പോസ്റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു. മറുവിഭാഗമാകട്ടെ താര സംഘടനയെക്കുറിച്ചാണ് പരാമര്‍ശമെന്നും വാദിക്കുന്നു.
അതിനിടെ ഭാവന അഭിനയിച്ച ഹണ്ട് എന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. യഥാര്‍ത്ഥ ഹണ്ട് തുടങ്ങിയതേയുള്ളൂ എന്ന് ഈ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടയാള്‍ എന്ന നിലയില്‍ ഭാവനയുടെ ചിത്രം പങ്കുവെച്ചവരുമുണ്ട്.
ഇന്നുതന്നെ ‘തിരിഞ്ഞുനോട്ടം’ എന്ന ക്യാപ്ഷനോടെ ഭാവന പങ്കുവച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പുതിയ സിനിമയ്ക്കും ഭാവനയ്ക്കും ആശംസകള്‍ നേര്‍ന്ന് ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇന്ന് നടി മഞ്ജുവാര്യര്‍ ഫേസ്ബുക്കിലിട്ട കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാത്തിന്റെയും തുടക്കം ഒരു സ്ത്രീയുടെ പോരാട്ടം; ഒന്നും മറക്കരുത് എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. സമാനമായ കുറിപ്പ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ചിട്ടുണ്ട്.