സിദ്ദിഖിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തണം; രഞ്ജിത്തിനെതിരെയും പൊലീസിൽ പരാതി
സംവിധായകൻ രഞ്ജിത്തിനെതിരെയും നടൻ സിദ്ദിഖിനെതിരെയും പൊലീസിൽ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചത്. വൈറ്റില സ്വദേശി ടി പി അജികുമാർ ആണ് പരാതി നൽകിയത്. രണ്ടു പരാതികളാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയത്.
സിദ്ദിഖിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നടൻ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവവച്ചിരുന്നു. യുവ നടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്നായിരുന്നു രേവതി സമ്പത്ത് വെളിപ്പെടുത്തിയത്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മർദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്തിന്‍റെ രാജി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. എന്നാൽ ബംഗാളി നടി ശ്രീലേഖ മിത്രയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവനയാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും രഞ്ജിത്ത് പ്രതികരിച്ചു.
തന്റെ പേരിൽ സർക്കാരിനെ ആക്രമിക്കരുത്. താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ ഒരു കൂട്ടം ആളുകൾ എനിക്കെതിരെ പ്രവർത്തിക്കുന്നു. തനിക്കതിരെയുള്ള ആരോപണം നുണ ആണെന്ന് തെളിയിക്കുമെന്നും പൊതു സമൂഹത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിലെ സത്യം തെളിയിക്കാൻ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.