KeralaTop News

രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല, നടന്ന കാര്യങ്ങൾ ജനങ്ങൾ അറിയണം’; ശ്രീലേഖ മിത്ര

Spread the love

സംവിധായകൻ രഞ്ജിത്തിന്റെ രാജിയിൽ പ്രതികരിച്ച് ബംഗാൾ നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റ രാജിയിൽ തനിക്ക് സന്തോഷം ഇല്ലെന്നും തന്റെ വെളിപ്പെടുത്തൽ കാര്യങ്ങൾ ജനങ്ങളറിയാൻ വേണ്ടിയായിരുന്നുവെന്നും നടി പ്രതികരിച്ചു. രഞ്ജിത്ത് ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല, തന്നെ പരീക്ഷിക്കുകയായിരുന്നു. തന്റെ പ്രതികരണം എങ്ങനെ എന്നറിയാൻ ശ്രമിക്കുകയായിരുന്നു.
രഞ്ജിത്ത് കുറ്റവാളിയാണെന്ന് പറയാൻ ആകില്ല. ഒരു സ്ത്രീലമ്പടൻ ആയിരിക്കാം.
നിയമപരമായി രഞ്ജിത്ത് കുറ്റം ചെയ്തിട്ടില്ല. അദ്ദേഹം നല്ല സംവിധായകനാണെന്നും
മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സ്ത്രീകൾ ബഹുമാനിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മർദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്തിന്‍റെ രാജി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നായിരുന്നു എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.