രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ മന്ത്രി മലക്കം മറിയുന്നു? ആരോപണം തെളിഞ്ഞാല്‍ നടപടിയെന്ന് സജി ചെറിയാന്‍
നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ആരോപണം ശക്തമായതോടെ മലക്കം മറിഞ്ഞ് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് കാട്ടി സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ അവരെ സംരക്ഷിക്കില്ലെന്നും പോസ്റ്റിലൂടെ മന്ത്രി ചൂണ്ടിക്കാട്ടി. രഞ്ജിത്തിനെതിരെ നിലവില്‍ അന്വേഷണം ഇല്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നുമായിരുന്നു രാവിലെ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്.
ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.