തിരിച്ചുവരവില്‍ വെല്ലുവിളികളേറെ; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍
ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകം തകരാറിനെലായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെയും വില്‍മോര്‍ ബുച്ചിന്റെയും തിരിച്ചുവരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ശനിയാഴ്ച ( ആഗസ്റ്റ് 24) . ഇരുവരുടെയും മടങ്ങി വരവിന് സ്റ്റാര്‍ലൈനര്‍ സുരക്ഷിതമാണോ എന്നത് ഉന്നതതല യോഗം തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും നാളെത്തന്നെയുണ്ടാകുമെന്ന് നാസ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളും നാസയുമായുള്ള സഹകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന കൊമേഴ്‌സ്യല്‍ ക്രൂ പോഗ്രാമുമായി ബന്ധപ്പെട്ടായിരുന്നു ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ കനത്ത വെല്ലുവിളിയായി. പേടകം തകരാറിലായതിനുള്ള കാരണത്തെകുറിച്ച് നാസയും ബോയിംഗും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ കേന്ദ്രത്തില്‍ ബുച്ചും സുനിതയും സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്.
തകരാറിലുള്ള സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ മടങ്ങാന്‍ ശ്രമിച്ചാല്‍ ഇരുവരെയും കാത്തിരിക്കുന്നത് പലതരത്തിലുള്ള അപകടങ്ങളാണെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ സ്‌പേസ് സിസ്റ്റംസിലെ കമാന്ററായിരുന്ന റൂഡി റിഡോള്‍ഫി ഇത്തരം മൂന്ന് അപകട സാധ്യതകള്‍ നിരീക്ഷിക്കുന്നുണ്ട്. ഇത് ഏതൊക്കെയെന്ന് നോക്കാം.
കുത്തനെയുള്ള റീ എന്‍ട്രി ആംഗിള്‍; ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് സ്റ്റാര്‍ലൈനര്‍ കുത്തനെയുള്ള ആംഗിളില്‍ ഇറങ്ങിയാല്‍ ഹീറ്റ് ഷീല്‍ഡ് തകരാറിലാകുകയും തീപിടുത്തമുണ്ടാവുകയും ചെയ്‌തേക്കാം.
താഴ്ന്ന ആംഗിളിലുള്ള റീ എന്‍ട്രി; ഈ ആംഗിളില്‍ പ്രവേശിക്കുമ്പോള്‍ പേടകം അന്തരീക്ഷത്തില്‍ ഇടിച്ച് ബഹിരാകാശത്തേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുണ്ട്. യാത്രികര്‍ ഭ്രമണപഥത്തില്‍ കുടുങ്ങിയേക്കാം.
മടങ്ങിവരവില്‍ ത്രസ്റ്ററുകള്‍ തകരാറിലായാല്‍ : പേടകത്തിന്റെ ദിശനിര്‍ണയിക്കുന്ന ത്രസ്റ്ററുകള്‍ തകരാറിലായാല്‍ സ്റ്റാര്‍ലൈനര്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നതില്‍ വീഴ്ച സംഭവിക്കും. യാത്രികര്‍ പരിമിതമായ ഓക്‌സിജനുമായി ബഹിരാകാശത്ത് അകപ്പെടും.
സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍ ഇരുവരെയും തിരിച്ചെത്തിക്കുന്നത് നാസ പരിഗണിക്കണമെന്നാണ് റിഡോള്‍ഫി അഭിപ്രായപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ 2025 ഫെബ്രുവരി വരെ ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരേണ്ടതായി വരും. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്താന്‍ പുറപ്പെട്ട ഇരുവരുടെയും നിലവിലെ ഷെഡ്യൂള്‍ എട്ടു മാസത്തിനപ്പുറത്തേക്കാണ് നീട്ടിയിരിക്കുന്നത്.