ഞങ്ങളുടെ സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണം ഹീനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കലാകാരികളെ കല്ലെറിയാന്‍ ഉപയോഗിക്കരുത്: WCC
സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിക്കുന്നുവെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മുതിര്‍ന്ന കലാകാരികളെ അപമാനിക്കുന്ന വിധത്തില്‍ ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വന്നെന്നും ചില അംഗങ്ങള്‍ക്കെതിരെ ഹീനമായ സൈബര്‍ ആക്രമണമുണ്ടായെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പറഞ്ഞു. സിനിമയിലെ സ്ത്രീകളെ അപമാനിക്കാനല്ല റിപ്പോര്‍ട്ട് ഉപയോഗിക്കേണ്ടതെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗം നല്‍കിയ മൊഴിയെക്കുറിച്ചുള്ള പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ചില അംഗങ്ങള്‍ക്കെതിരെ വന്ന ഊഹാപോഹങ്ങളും സൈബര്‍ അതിക്രമവും തള്ളിയാണ് ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. തൊഴിലിടത്തെ സ്ത്രീവിരുദ്ധത ചര്‍ച്ചയാക്കുന്നതിന് പകരം സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതായി ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനം മുതിര്‍ന്ന നടികള്‍ക്കെതിരെ കല്ലെറിയാന്‍ ഉപയോഗിക്കുന്നത് പിന്തിരിപ്പന്‍ മനോഭാവമായേ കാണാനാകൂ എന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു