‘മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, ഒരു സംവിധായകന് മോശമായി പെരുമാറി, പ്രതികരിച്ചതിനാല്‍ സിനിമകള്‍ നഷ്ടമായി’
തിരുവനന്തപുരം: മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി സിനിമ സീരിയൽ നടി ഉഷ ഹസീന. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകണമെന്നും ഉഷ മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇതിൽ പലകാര്യങ്ങളും നമ്മളറിഞ്ഞതാണ്. ഈ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉറപ്പായിട്ടും ഇതൊക്കെ നടന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. നേരത്തെ ഇത്തരം അനുഭവം നേരിട്ട ആളുകൾ അക്കാര്യം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എല്ലാവരും ഇങ്ങനെയുള്ളവരല്ല, ചില ആൾക്കാർ. സിനിമ മേഖല മൊത്തം ഇത്തരത്തിലുള്ള ആൾക്കാരാണെന്ന് പറയാൻ സാധിക്കില്ല. ഈ റിപ്പോർട്ടിൽ സർക്കാർ ഇടപെടണം. റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ളവർ ചില സംഘടനകളിലൊക്കെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരൊക്കെയുണ്ട്. അത്തരക്കാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അവർ പിന്നെയും ഇത് തന്നെയല്ലേ തുടരുക? അവർക്കെതിരെ നടപടി എടുക്കണമെന്നും അവരെ മാറ്റിനിർത്തണമെന്നുമാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പെൺകുട്ടികൾ പരാതി കൊടുക്കാൻ തയ്യാറാകണം. ഇല്ലെങ്കിൽ ഇതുപോലെയുള്ള കാര്യങ്ങൾ തുടരും.
ഒരു സംവിധായകൻ സിനിമയിൽ അഭിനയിക്കാൻ പോയതിനെ തുടർന്നുണ്ടായ ദുരനുഭവവും ഉഷ പങ്കുവെച്ചു. ആ സംവിധായകൻ കുഴപ്പക്കാരനാണന്ന് കേട്ടറിഞ്ഞ് പേടിയോടെയാണ് പോയത്. പക്ഷെ വാപ്പ കൂടെയുണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നു. ആ സംവിധായകന്റെ സെറ്റിൽ അഭിനയിക്കാൻ ചെല്ലുന്ന നടിമാരോട് ആദ്യം ഭയങ്കര സ്വാതന്ത്ര്യമായിരിക്കും. പിന്നീട് പുള്ളി നമ്മളോട് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെടും. ഞാൻ എന്റെ അച്ഛനൊപ്പമാണ് പോയത്. ഞാനന്ന് തന്നെ പ്രതികരിക്കുകയാണ് ചെയ്തത്. പിന്നെ സെറ്റിൽ വരുമ്പോൾ നമ്മളോട് വളരെ മോശമായി പെരുമാറും. നമ്മളെ ഇൻസൾട്ട് ചെയ്യും. നന്നായിട്ട് അഭിനയിച്ചാലും മോശമാണെന്ന് പറയും. ഒരിക്കൽ അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. മാസികകളിലൊക്കെ അക്കാര്യം വാർത്തയായിരുന്നു.
മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. പല കാര്യങ്ങളിലും പ്രതികരിച്ചതിന്റെ പേരിൽ അവരുടെ ഒരു ബാൻ നേരിടേണ്ടി വന്നിട്ടുണ്ട്. കുറേ അനുഭവിച്ചിട്ടുണ്ട്. നമുക്കപ്പോൾ അറിയില്ല, അവർ മുൻകൂട്ടി തീരുമാനിച്ചിട്ടാണ്, കുറേപേർ ചേർന്നാണ് ഇത് ചെയ്യുന്നതെന്ന് അന്നറിയില്ല. ഇപ്പോൾ മനസ്സിലാകുന്നുണ്ട്. അതൊക്കെ കൊണ്ടായിരിക്കും കുറേക്കാലം സിനിമയൊന്നും ഇല്ലാതെ ഇരുന്നത്.