‘നിശബ്ദത പരിഹാരമാകില്ല, ഹേമാ കമ്മിറ്റിയിൽ വന്ന പരാതികൾ ഗൗരവത്തോടെ സമീപിക്കണം’: ലിജോ ജോസ് പെല്ലിശേരി
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരണവുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു . നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വ്യക്തമാക്കി. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാതിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.
ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സാന്ദ്ര തോമസിന്‍റെ കുറിപ്പ്
സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാതിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കോംപ്റ്റിറ്റിവ് കമ്മീഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് .
ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട് , ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന് വ്യക്തമാക്കണം.