Sunday, November 24, 2024
Latest:
KeralaTop News

ഇനിയും പഠിക്കണം; അസമിലേക്ക് പോയി, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം നിന്ന് പഠനം തുടരണം’

Spread the love

തിരുവനന്തപുരം: തുടർന്ന് പഠിക്കണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടി. ആസാമിലേക്ക് പോയി പഠനം തുടരണമെന്ന് മലയാളി അസോസിയേഷൻ അം​ഗങ്ങളോടാണ് കുട്ടി അറിയിച്ചത്. ഇന്നലെ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ്.

ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആ​ഗ്രഹം. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയെ നാളെ ഉച്ചയോടെ സിഡബ്ല്യുസി കേരള പോലീസിന് കൈമാറും. തുടർകാര്യങ്ങൾ കേരള പോലീസ് തീരുമാനിക്കട്ടെ എന്ന് പിഡബ്ല്യുസി പ്രതികരിച്ചു. വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിൽ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവർത്തകർ അറിയിച്ചു.

അതേ സമയം, മകളെ കണ്ടെത്താൻ സഹായിച്ചതിൽ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവർ അറിയിച്ചു. ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മാതാപിതാക്കൾ

കുഞ്ഞിനെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആ‍ർപിഎഫിന്‍റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.