‘കഥകളിയെ അധിക്ഷേപിച്ചുള്ള ഫോട്ടോഷൂട്ട്; കലാകാരന്മാരെ വേദനിപ്പിച്ചു’; ശക്തമായ നടപടിയെന്ന് ഡോ. ബി അനന്ത കൃഷ്ണൻ
കഥകളിയെ അധിക്ഷേപിച്ചുള്ള ഫോട്ടോഷൂട്ടിൽ ശക്തമായ നടപടിയെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്ത കൃഷ്ണൻ. വിഷയത്തിൽ കലാമണ്ഡലം നിയമപദേശം തേടി. സൈബർ സെല്ലിന് പരാതി കൊടുക്കാൻ തീരുമാനിച്ചു അതിൻറെ നടപടികൾ നടക്കുകയാണെന്ന് ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു.
സൈബർ സെല്ലിന് ആദ്യഘട്ടത്തിൽ പരാതി നൽകും. പിന്നീട് വിഷയത്തിൽ നിയമപദേശം തേടിക്കൊണ്ട് തുടർനടപടി സ്വീകരിക്കുമെന്ന് ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു. കഥകളിക്കെതിരായി കടന്നുകയറ്റം നടത്തുന്നതിൽ വലിയ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിത്രങ്ങൾ പല കലാകാരന്മാരെയും വേദനിപ്പിച്ചെന്ന് വൈസ് ചാൻസിലർ പറഞ്ഞു.
വർഷങ്ങൾ എടുത്ത് സ്വായത്തമാക്കുന്ന കലാരൂപത്തെ വികലമാക്കുന്ന നടപടിയിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് അനന്ത കൃഷ്ണൻ വ്യക്തമാക്കി. ആരാണ് എവിടെനിന്നാണ് ചിത്രങ്ങൾ വന്നത് എന്നത് കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ ആർട്ടിസ്റ്റ് താല്പര്യമാണോ വാണിജ്യ താൽപര്യമാണോ എന്നത് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വികലമായ മനസ്സിന്റെ സൃഷ്ടിയാണ് ഇപ്പോഴത്തേത്. ആവിഷ്കാര സ്വാതന്ത്ര്യം മറ്റൊരു കലാരൂപത്തെ അധിക്ഷേപിച്ചുകൊണ്ട് ആകരുത്. അടിസ്ഥാനമൂല്യങ്ങൾ ഹനിക്കുന്ന രീതിയിലാകരുത് ആവിഷ്കാരങ്ങൾ എന്ന് കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ബി അനന്ത കൃഷ്ണൻ പറഞ്ഞു. കഥകളി പ്രമേയമാക്കി ഒരുക്കിയ ഫോട്ടോഷൂട്ടാണ് വിവാദത്തിന് അടിസ്ഥാനം.