KeralaTop News

ജംഗ്ഷനിൽ വെച്ച് ഇരട്ടപ്പേര് വിളിച്ചു, 62 കാരനെ കൂട്ടുകാർ തള്ളിയിട്ടു, തലയിടിച്ച് വീണ് മരണം; പ്രതികളെ പിടികൂടി

Spread the love

തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ നെടുമങ്ങാട് മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ വൃദ്ധൻ മരിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂവത്തൂർ ചുടുകാട്ടിൻ മുകൾ വിഷ്ണു ഭവനിൽ മോഹനൻ ആശാരി (62) ആണ് മർദ്ദനമേറ്റ് മരിച്ചത്. ഒന്നാം പ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനൻ എന്ന മോഹനൻ നായർ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തിൽ ചൊട്ട വേണു എന്ന വേണു ( 63) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 17 ന് രാതി 8:30 മണിയോടെ മുക്കോല ജംഗ്ഷനിൽ വച്ചാണ് സംഭവം നടക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്ന് മൂവർ തമ്മിലുള്ള തർക്കം പിന്നീട് കയ്യാങ്കളിയാവുകയും ഒന്നാം പ്രതിയായ മോഹനൻ മോഹനൻ ആചാരിയെ പിടിച്ച് തള്ളുകയായിരുന്നു. തുടർന്ന് വെയിറ്റിംഗ് ഷെഡിന്‍റെ ചുമരിൽ വന്ന് വീണ് പുറകുവശത്തെ കഴുത്തിന്‍റേയും തലയുടെയും ഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് കിടന്ന് കൊണ്ട് വീണ്ടും ഇയാൾ ദേഷ്യപ്പെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും പോയി.

അബോധാവസ്ഥയിൽ മൂന്ന് മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞ് കിടന്ന മോഹനനെ വിവരമറിഞ്ഞ മകൻ വിഷ്ണുവും അമ്മയും ചേർന്ന് രാത്രി വീട്ടിൽ കൊണ്ടുവന്നു. മദ്യപിച്ച് ബോധം പോയി എന്നാണ് ആദ്യം ഇവർ കരുതിയത്. കാല് ചലിക്കാതായതിനെ തുടർന്ന് 18 ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുർന്ന് മെഡിക്കൽ കോളേജ് ഐസിയുവിലും പ്രവേശിപ്പിച്ചു. സ്പൈനൽ കോഡ് തകർന്നിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

19-ന് രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് മർദ്ദനമേറ്റ കാര്യം മോഹനൻ ആശാരി വീട്ടുകാരോട് പറയുന്നത്. എന്നാൽ ഉച്ചയോടെ മെഡിക്കൽ കോളേജിൽ വച്ച് മോഹനൻ ആശാരി മരണപ്പെട്ടു. തുടർന്ന് കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്ത ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തിയതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.