KeralaTop News

ചെന്നൈയിൽ ഒരു മകനുണ്ട്, അവന്റെ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു’; കുട്ടിയുടെ പിതാവ്

Spread the love

സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ ശാസിച്ചിരുന്നുവെന്ന് 13 വയസുകാരിയുടെ പിതാവ്. കുട്ടി മുൻപ് ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ല. ജോലിക്ക് പോയ സമയത്താണ് കുട്ടി വീട്ടിൽ നിന്നും പോയത്. വളരെയധികം വിഷമം ഉണ്ട്. പൊലീസ് വിവരങ്ങള്‍ നല്‍കുന്നുണ്ട്. ചെന്നൈയിൽ തനിക്ക് ഒരു മകനുണ്ട്. മകൻറെ ഫോൺ വിവരങ്ങൾ പൊലീസ് തേടി. വഹീദ് ഹുസ്സൈൻ എന്നാണ് മകൻറെ പേരെന്നും ചെന്നൈയിലെ ഒരു ഗസ്റ്റ് ഹൗസിൽ ജോലിയെടുക്കുകയാണെന്നും പിതാവ് പറഞ്ഞു.

കുട്ടി ട്രെയിനിലിരിക്കുന്ന ഫോട്ടോ പൊലീസ് നേരത്തെ അയച്ചു തന്നിരുന്നു. അത് തന്‍റെ മകളാണെന്ന് പറഞ്ഞു. അമ്മയോടൊപ്പം അല്ലാതെ കുട്ടി പുറത്തേക്ക് പോകാറില്ല. കന്യാകുമാരിയിൽ നിന്ന് കുട്ടിയെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ കുട്ടിയെ ഓട്ടോഡ്രൈവർമാർ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസിന്റെ ആദ്യസംഘം നിർത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധന നടത്തുകയാണ്. രണ്ട് സംഘമായി തിരിഞ്ഞാണ് കേരളം പൊലീസിന്റെ പരിശോധന.

കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം. തിരുവനന്തപുരത്തുനിന്നും രണ്ടു ടീമുകളിലായാണ് പൊലീസ് സംഘം കന്യാകുമാരിയിലെത്തി കുട്ടിക്കായി തെരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു. നിലവില്‍ കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.