KeralaTop News

കുട്ടി ഏറെ നേരം കരഞ്ഞു, സംസാരിക്കാൻ സാധിച്ചില്ല’; ചിത്രം പകർത്തിയ ബവിത

Spread the love

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ട്രെയിനിലിരുന്ന് കരയുകയായിരുന്നുവെന്ന് ഫോട്ടോയെടുത്ത സഹയാത്രക്കാരി ബവിത . കണ്ടപ്പോൾ മലയാളി ആണെന്ന് തോന്നിയില്ല, കൈയിലൊരു ബാഗുണ്ടായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന കുട്ടിയെ പോലെയാണ് തോന്നിയത്. ഫോട്ടോയെടുത്തപ്പോൾ മുഖത്ത് ദേഷ്യത്തോടെ നോക്കി, അതുകൊണ്ട് കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചില്ലെന്നും താൻ പിന്നീട് നെയ്യാറ്റിൻകരയിൽ ഇറങ്ങിയെന്നും ബവിത പറഞ്ഞു. 40 രൂപ മാത്രമാണ് കൈയിൽ ഉള്ളതെന്ന് തോന്നുന്നു. വീട്ടിൽ നിന്ന് പിണങ്ങി വന്നതാണോയെന്ന സംശയം തോന്നിയിരുന്നു. വാർത്ത കണ്ടപ്പോഴാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതും ഫോട്ടോ അയച്ചു കൊടുത്തതെന്നും ബവിത പറഞ്ഞു.

അതേസമയം തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താൻ കേരള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. വനിത പൊലീസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടി ബെംഗളൂരു -കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തുവെന്നും പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

കന്യാകുമാരി എസ് പിയേയും ആർ.പി.എഫ് കൺട്രോൾ റൂമിനേയും കേരള പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കന്യകുമാരിക്ക് മുൻപ് പെൺകുട്ടി ഇറങ്ങാൻ സാധ്യതയുണ്ട്. നാഗർകോവിൽ എസ്പിയേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു.

ബെംഗളൂരു – കന്യാകുമാരി ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിക്കുന്നത്. യാത്രക്കരിയായ ബവിത എടുത്ത ഫോട്ടോയാണ് കേസിൽ വഴിത്തിരിവായത്.