കെ ബി ഗണേഷ് കുമാർ പവർ ഗ്രൂപ്പിന്റെ ഭാഗം, നടപടി വേണം, മുഖ്യമന്ത്രിക്ക് പരാതി നൽകി: അബിൻ വർക്കി
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള ആത്മ പ്രസിഡന്റ് മന്ത്രി കെ ബി ഗണേഷ് കുമാറെന്ന് അബിൻ വർക്കി. ഗണേഷ് കുമാർ പവർ ഗ്രൂപ്പിന്റെ ഭാഗമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്. കെ ബി ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആരോപണവിധേയരുടെ പേരുകൾ പുറത്ത് വിടണമെന്ന് അബിൻ വർക്കി.
സിനിമയില്‍നിന്ന് തഴയപ്പെട്ട അദ്ദേഹം സീരിയലിലേക്ക് പോയപ്പോള്‍ അവിടെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുവെന്നും അബിൻ വർക്കി പറയുന്നു.
അതേസമയം സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നു. തന്നെയും പല സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നത് നല്ലതാണ്. ആത്മയുടെ പ്രസിഡൻ്റ് താനാണ്. ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ല. ആരെയും പുറത്താക്കിയിട്ടില്ല. അങ്ങനെയൊരു പരാതി ഉണ്ടായിട്ടില്ല. പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെയെന്നും അദേഹം ആവശ്യപ്പെട്ടു.
ചിലർ പുരയ്ക്ക് തീ പിടിച്ചപ്പോൾ വാഴ വെട്ടാൻ നടക്കുകയാണ്. എല്ലാം ശരിയാണെന്ന് അഭിപ്രായമില്ല. ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. ഒരുപാട് അസൗകര്യങ്ങൾ ഉണ്ടെന്നുള്ളത് ശരിയാണ്. വിശ്രമിക്കാൻ സൗകര്യമില്ല, ശുചിമുറിയില്ല. സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്സ് സംഘടനയാണ് ഇതൊക്കെ ആലോചിക്കേണ്ടത്.
അവസരങ്ങൾ ലഭിക്കുന്നത് അതൊക്കെ പണ്ടേ കേൾക്കുന്നതാതാണെന്നും തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി പറഞ്ഞാൽ അന്നേരം പ്രതികരിക്കുമെന്നും നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു. ഇപ്പോൾ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ട്രാൻസ്പോർട്ട് മന്ത്രിക്ക് കാര്യമില്ലെന്നും സാംസ്കാരിക മന്ത്രി വിഷയത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.