KeralaTop News

ഒരു WCC സ്ഥാപക അംഗത്തിന് സ്വാര്‍ത്ഥ താത്പര്യം, സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് പ്രചരിപ്പിച്ചു; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

Spread the love

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയ്‌ക്കെതിരെ പരാമര്‍ശം. ഡബ്ല്യുസിസി സ്ഥാപക അംഗത്തിന് സ്വാര്‍ത്ഥ താത്പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് പ്രചരിപ്പിച്ചു. ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയില്‍ അവസരം ലഭിച്ചു. സിനിമയിലെ പുരുഷന്മാര്‍ക്കെതിരെ അവര്‍ സംസാരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സിനിമാ മേഖലയില്‍ യാതൊരുവിധത്തിലുമുള്ള ലൈംഗിക ചൂഷണം നടക്കുന്നതായി കേട്ടുകേള്‍വി പോലുമില്ലെന്ന് ഈ ഡബ്ല്യുസിസി അംഗം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് സത്യത്തിന് നേര്‍വിപരീതമാണ്. സിനിമാ മേഖലയ്‌ക്കെതിരെയോ സിനിമയിലെ പുരുഷന്മാര്‍ക്കെതിരെയോ ഇവര്‍ സംസാരിക്കാതിരിക്കുന്നതിന് പിന്നില്‍ ആ വ്യക്തി ലക്ഷ്യം വയ്ക്കുന്ന ചില സ്വാര്‍ത്ഥ താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി വിളിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളില്‍ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.