GulfTop News

വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത; സൗദിയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

Spread the love

റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രതീക്ഷിക്കുന്നത്.

മക്കയിലാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. കനത്ത മഴയോ മിതമായ മഴയോ പ്രതീക്ഷിക്കാം. വെള്ളപ്പൊക്കമുണ്ടാകാനും ആലിപ്പഴ വര്‍ഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശുന്നത് മൂലം മക്കയിലും തായിഫിലും പൊടിക്കാറ്റ് ഉണ്ടായേക്കാം. താഴ്വരകളും വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളും ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജിദ്ദയും അല്‍ ലിത്തും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും നേരിയ മഴ ലഭിക്കും. റിയാദ് മേഖലയില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ സുലായ്യില്‍, വാദി അല്‍ ദവാസിര്‍ എന്നിവിടങ്ങളില്‍ പൊടിനിറഞ്ഞ കാലാവസ്ഥ ആയിരിക്കും. മദീന, അല്‍ ബാഹ, അസീര്‍, ജിസാന്‍ എന്നിവിടങ്ങളില്‍ മിതമായതോ കനത്ത മഴയോ പ്രവചിക്കുന്നുണ്ട്. അതേസമയം ഹായില്‍, നജ്റാന്‍, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വഴി അധികൃതര്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.