Saturday, November 9, 2024
Latest:
KeralaTop News

ഇടക്കാല ആശ്വാസം നൽകി കൂടെ?, പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകി’; എ.കെ ശശീന്ദ്രൻ

Spread the love

ദുരന്ത ഭൂമിയിലെ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്രം ഒപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി വാക്ക് തന്നതാണ്. ഇപ്പോഴും കേരള സർക്കാരിന് പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ അർത്ഥവത്താക്കാൻ ഇടക്കാല ആശ്വാസം നൽകി കൂടെയെന്നും വനം മന്ത്രി ചോദിച്ചു.
ദുരന്ത ഭൂമിയിൽ തൃപ്തികരമായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്.
ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.

വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികൾ അടങ്ങിയ പ്രത്യേക കിറ്റും നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. അതിനിടെ വയനാട് ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മുണ്ടക്കൈ, ചൂരൽമല മേഖലകളിലും സൂചിപ്പാറ ചാലിയാർ പുഴയുടെ തീരങ്ങളിലും തെരച്ചിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിലെ ഇവിടെ നടന്ന തെരച്ചിലിൽ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവിൽ അനുവദിക്കുന്നില്ല.