ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുമോ? നടിയുടെ ഹർജി ഹൈക്കോടതിയിൽ; നിർണായക സർക്കാർ തീരുമാനം ഇന്ന്
തിരുവനന്തപുരം: അനിശ്ചിതത്വം നീങ്ങി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്നറിയാനാകും. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പശ്ചാത്തലത്തിൽ സാംസ്കാരിക വകുപ്പ് ഇക്കാര്യത്തിൽ പുനരാലോചന നടത്തിയേക്കും. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരോട് രാവിലെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാലരവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറം വെളിച്ചം കാണുമോയെന്നാണ് ഇനിയറിയാനുള്ളത്.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തർക്ക് ഇന്ന് രാവിലെ 11 മണിക്ക് റിപ്പോർട്ട് കൈമാറുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ,റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാതലത്തിലാണ് പുനരാലോചന. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.
നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19ആം തീയതി വരെ സർക്കാരിന് സമയമുണ്ട്. അതിനാൽ അൽപം കൂടി കാത്തിരിക്കാമല്ലോ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സ്വകാര്യതയെ ബാധിക്കുന്നതും, ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും.
അനുബന്ധവും പുറത്തുവിടില്ല. 2017 ജൂലായ് 1നായിരുന്നു ചലച്ചിത്രമേഖലയിഷ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടരവർഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജ.ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന സർക്കാരിന്‍റെ നിലപാട്, നീണ്ടുപോയ വിവാദങ്ങൾ, നിയമപോരാട്ടം ഇതിനെല്ലാം ഒടുവിൽ ഇപ്പോഴുള്ള നിയമകുരുക്ക്. ഇതെല്ലാം മറികടന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിൽ ഇന്നത്തെ സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും.