ബിജെപിയിലെ മിതത്വത്തിന്റെ സ്വരമായിരുന്ന വാജ്പേയി; ഓര്‍മകള്‍ക്ക് ആറുവയസ്
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മ്മയായിട്ട് ഇന്ന് ആറു വര്‍ഷം. ഒരു കവിയുടെ സംവേദനക്ഷമതയെ ഒരു രാഷ്ട്രീയക്കാരന്റെ പ്രയോഗികതയുമായി വിളക്കിച്ചേര്‍ക്കാന്‍ വാജ്പേയിക്ക് കഴിഞ്ഞു.
‘ഈ യുവാവ് ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും’. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ നിന്ന് ആദ്യമായി എം പിയായ ഒരു യുവാവിനെ, 1957-ല്‍ ഒരു വിദേശ നയതന്ത്രപ്രതിനിധിയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത് ഇങ്ങനനെയാണ്. നാലു ദശാബ്ദങ്ങള്‍ക്കുശേഷം നെഹ്രുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി. 1996-ല്‍ അടല്‍ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.
ഇന്ത്യയിലെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളായി മാറുന്നതിനു മുമ്പു തന്നെ വാജ്പേയി മനുഷ്യവികാരങ്ങളുടേയും ദേശസ്നേഹത്തിന്റെയും ജീവിതത്തിന്റെ സങ്കീര്‍ണതകളുടേയും സത്ത പകര്‍ത്തിയ തീവ്രഭാവങ്ങളുള്ള കവിതകളിലൂടെ പേരെടുത്തിരുന്നു. കാവ്യാത്മകമായ സംവേദനങ്ങള്‍ വാജ്പേയിയുടെ രാഷ്ട്രീയപ്രസംഗങ്ങളെ സമ്പന്നമാക്കുക മാത്രമല്ല, ഒരു നേതാവെന്ന നിലയില്‍ ധാര്മ്മികതേജസ്സിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
ആര്‍എസ്എസ് പ്രവര്‍ത്തകനായി ജീവിതമാരംഭിച്ച വാജ്പേയി 1980-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ആദ്യ അധ്യക്ഷനായി. 1996-ല്‍ 13 ദിവസം പ്രധാനമന്ത്രിയായിരുന്ന വാജ്പേയി 1998-ല്‍ 13 മാസത്തെ സര്‍ക്കാരിന് നേതൃത്വം നല്‍കവേയാണ് രണ്ടാം പൊഖ്റാന്‍ ആണവപരീക്ഷണം നടത്തിയത്. 1999-ല്‍ തുടക്കമിട്ട ഡല്‍ഹി-ലഹോര്‍ ബസ് ലോകശ്രദ്ധ നേടി. വാജ്പേയി കാവല്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ഓപ്പറേഷന് വിജയ്-ലൂടെ കാര്‍ഗിലില്‍ ഇന്ത്യ വിജയത്തേരിലേറിയത്. തുടര്‍ന്ന് 1999-ല്‍ കേവലഭൂരിപക്ഷം നേടി വാജ്പേയി മന്ത്രിസഭ മൂന്നാം തവണയും അധികാരത്തിലെത്തി. സ്ഥിരത അവകാശപ്പെടാനായ ആദ്യ കോണ്‍ഗ്രസേതര മന്ത്രിസഭയായി മാറി അത്. ഇന്ത്യന്‍ ഗതാഗതരംഗത്ത് വിപ്ലവത്തിന് നാന്ദി കുറിച്ച സുവര്‍ണ ചതുഷ്കോണ ഹൈവേ പദ്ധതി വാജ്പേയി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ മിതത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റേയും സ്വരമായിരുന്നു വാജ്പേയിയുടേത്. എല്ലാ സമുദായക്കാര്‍ക്കും അഭിവൃദ്ധിപ്പെടാനാകുന്ന ഒരു ബഹുസ്വര സമൂഹത്തിലുള്ള വിശ്വാസം ബി ജെ പിയിലെ തീവ്ര ഘടകങ്ങളില്‍ നിന്ന് വാജ്പേയിയെ വ്യത്യസ്തനാക്കി. ജനതയുമായി ബന്ധപ്പെടാനും വെല്ലുവിളികള്‍ നിറഞ്ഞ കാലങ്ങളില്‍ സമചിത്തതയോടെ രാജ്യത്തെ നയിക്കാനും വാജ്പേയിക്കായി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട രാഷ്ട്രതന്ത്രജ്ഞനായി വാജ്പേയി എക്കാലവും അറിയപ്പെടും.