സ്വാതന്ത്യദിനാഘോഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരിപ്പിടം നാലാം നിരയിൽ ഒളിമ്പിക്സ് താരങ്ങൾക്കൊപ്പം
78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ ഇരിപ്പിടം നാലാം നിരയിൽ. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. ലോക്സഭ പ്രതിപക്ഷ നേതാവിനെ പ്രോട്ടോകോൾ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്.
ഒളിംപിക്സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.
വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്.