രാജ്യംവിട്ടത് 64 ലക്ഷം പേർ; താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് മൂന്നുവർഷം
അഫ്ഗാനിസ്താനിൽ താലിബാൻ രണ്ടാമതും അധികാരം പിടിച്ചെടുത്തിട്ട് ഇന്നേക്ക് മൂന്നുവർഷം. ആദ്യഭരണത്തിൽ നിന്ന് വ്യത്യസ്തമായി ജനകീയ ഭരണം കാഴ്ചവെക്കുമെന്ന പറഞ്ഞ താലിബാൻ പഴയ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോയിട്ടില്ല.
അമേരിക്കൻ സൈന്യം പിൻമാറിയതിന് പിന്നാലെ, അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെത്തി താലിബാൻ അധികാരം സ്ഥാപിച്ചത് 2021 ഓഗസ്റ്റ് 15ന്. പിന്നാലെ, അഫ്ഗാനെ ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിച്ചു. തുടർന്ന് സ്ത്രീകൾക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് അടക്കമുള്ള
പിന്തിരിപ്പൻ നടപടകളിലേക്ക് കടന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിച്ചു. പുരുഷൻമാരർക്ക് ഒപ്പമല്ലാതെ സ്ത്രീകൾ പുറത്തിറങ്ങുന്നത് നിരോധിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലും എൻജിഒകളിലും സ്ത്രീകൾ ജോലിക്കു പോകുന്നത് വിലക്കി.
താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിൽ നിന്ന് കൂട്ടപ്പലായനങ്ങളുണ്ടായി. അഫ്ഗാൻ വിട്ടുപോകുന്ന അമേരിക്കൻ സൈനിക വിമാനങ്ങളിൽ കയറിക്കൂടാൻ അഫ്ഗാൻ ജനത തിക്കിത്തിരക്കുന്നതും വിമാനങ്ങളിൽ നിന്ന് വീണുമരിക്കുന്നതും ലോകം വേദനയോടെ കണ്ടുനിന്നു. 64 ലക്ഷം പേരാണ് താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തതിന് ശേഷം ഇതുവരെ അഫ്ഗാനിൽ നിന്ന് പലായനം ചെയ്തത്.